മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമണി രാജിവെച്ചു
മേഘാലയിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് പുനപരിശോധിക്കണമെന്ന ആവശ്യം കൊളീജിയം തള്ളിയതിന് പിന്നാലെയാണ് രാജി.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമണി രാജിവെച്ചു. മേഘാലയിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് പുനപരിശോധിക്കണമെന്ന ആവശ്യം കൊളീജിയം തള്ളിയതിന് പിന്നാലെയാണ് രാജി.
തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കിക്കൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ സുപ്രീംകോടതി കൊളീജിയത്തിന് കത്തയക്കുകയായിരുന്നു. എന്നാല്‍ ആവശ്യം കൊളീജിയം നിരസിച്ചു. ഇതിന് പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജിക്കത്തിന്റെ ഒരു കോപ്പി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും അയച്ചു.
ആഗസ്റ്റ് 28നാണ് ജസ്റ്റിസ് വിജയയെ മേഘാലയയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് കൊളീജിയം ശുപാര്‍ശ ചെയ്തത്. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കും താഹില്‍ രമണിയെ മേഘാലയയിലേക്കും സ്ഥലംമാറ്റാനാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് ജസ്റ്റിസ് പുനഃപരിശോധനാ ആവശ്യവുമായി കൊളീജിയത്തെ സമീപിക്കുകയായിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ ആവില്ലെന്നാണ് കൊളീജിയത്തിന്‍റെ നിലപാട്. തുടര്‍ന്നാണ് രാജി.
ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചത് ജസ്റ്റിസ് വിജയ ആയിരുന്നു. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ശിക്ഷ ശരിവെച്ചത്.