ഭാര്യയുടെ പീഡനത്തിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

നികിതയുടെ വീടിനുമുന്നില്‍ ബംഗളുരു പോലീസ് എത്തി ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ബംഗളുരുവിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

ബെംഗളൂരു | ഭാര്യയുടെ പീഡനത്തിനെതിരെ 24 പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചശേഷം ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു പോലീസ് , ഭാര്യയുടെയും അവരുടെ വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് താന്‍ ജീവനൊടുക്കുന്നതെന്ന് അതുല്‍ മരണക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതുലിന്റെ ഭാര്യ നികിത സിംഗാനിയ ഇപ്പോള്‍ ഒളിവിലാണ്. നികിതയുടെ വീടിനുമുന്നില്‍ ബംഗളുരു പോലീസ് എത്തി ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ബംഗളുരുവിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ’’ സംഭവത്തില്‍ നിങ്ങളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ബംഗളുരുവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം,’’ എന്നാണ് നോട്ടീസില്‍ പറയുന്നത്.

കേസുകള്‍ ഒത്തുത്തീര്‍പ്പാക്കാന്‍ ഭാര്യയും കുടുംബവും 3 കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും അതുല്‍ അവസാനമായി എഴുതിയ കത്തില്‍ ആരോപിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ഒരു ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായ ഉത്തര്‍പ്രദേശ് സ്വദേശി അതുല്‍ സുഭാഷിനെ കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 24 പേജുള്ള മരണക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് അതുല്‍ ജീവനൊടുക്കിയത്. മരണക്കുറിപ്പില്‍ താന്‍ നേരിട്ട ദുരനുഭവം അതുല്‍ വിവരിച്ചിരുന്നു. നീതി നിഷേധിക്കപ്പെട്ടുവെന്ന് എഴുതിയ ഒരു ബോര്‍ഡ് കഴുത്തില്‍ തൂക്കി 81 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നികിതയുടെ കുടുംബത്തിനെതിരെ മറാത്തഹള്ളി പോലീസ് കേസെടുത്തിട്ടുണ്ട്.അതുലിനും കുടുംബത്തിനുമെതിരെ മറ്റൊരു പരാതിയുമായി നികിതയും രംഗത്തെത്തി. തന്നെ മാനസികമായും ശാരീരികമായും അതുലും കുടുംബവും പീഡിപ്പിച്ചിരുന്നുവെന്നാണ് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ’’ ഭര്‍ത്താവ് മദ്യപിച്ചെത്തി തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഭീഷണിപ്പെടുത്തി എന്റെ ശമ്പളം മുഴുവന്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു,’’ നികിതയുടെ പരാതിയില്‍ പറയുന്നു.

നിലവില്‍ നികിതയുടെ കുടുംബം ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ജൗന്‍പൂരിലെ ഇവരുടെ വീട് പൂട്ടിയിട്ട നിലയിലാണ്. നേരത്തെ നികിതയുടെ അമ്മയായ നിഷ സിംഗാനിയയേയും സഹോദരനായ അനുരാഗിനെയും കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബംഗളുരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ് പറഞ്ഞു. നിലവില്‍ കേസില്‍ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.അതുല്‍ അവസാനമായി എഴുതിയ കത്തില്‍ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തനിക്കെതിരെ വ്യാജപരാതികള്‍ നല്‍കിയെന്നും കേസുകള്‍ ഒഴിവാക്കാന്‍ 3 കോടി രൂപ ഭാര്യ ആവശ്യപ്പെട്ടുവെന്നും അതുല്‍ പറഞ്ഞു. ഭാര്യയുടെ കുടുംബത്തിന്റെ പീഡനം സഹിക്കാനാകാതെയാണ് ഈ കടുംകൈ ചെയ്യുന്നതെന്നും അതുല്‍ കത്തില്‍ വ്യക്തമാക്കി. തന്റെ മകനെ കാണാനാകാത്തതിന്റെ സങ്കടവും അതുല്‍ കത്തില്‍ വിശദമാക്കി. മകനെ കണ്ടിട്ട് മൂന്ന് വര്‍ഷമായെന്നും കുട്ടിയുടെ മുഖം പോലും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും അതുല്‍ പറഞ്ഞു. മകനോട് ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് അതുല്‍ കത്ത് അവസാനിപ്പിച്ചത്
’’ ഞാന്‍ പോകുന്നതോടെ ഇനി പണം തട്ടിയെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. ഒരുദിവസം നീ നിന്റെ അമ്മയുടെയും കുടുംബത്തിന്റെയും യഥാര്‍ത്ഥ മുഖം തിരിച്ചറിയും,’’ എന്ന് അതുല്‍ കത്തില്‍ പറഞ്ഞു.

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്, നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് മറ്റൊരു കുറിപ്പും അതുല്‍ എക്‌സില്‍ പങ്കുവെച്ചു. ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും നിലവില്‍ ഇന്ത്യയില്‍ പുരുഷന്‍മാര്‍ക്ക് നേരെ നിയമവംശഹത്യ നടക്കുകയാണെന്നും അതുല്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.ബംഗളുരുവിലെ ശ്മശാനത്തിലാണ് അതുലിന്റെ മൃതദേഹം സംസ്‌കരിച്ചത്. അതുലിന്റെ കുടുംബമെത്തി അദ്ദേഹത്തിന്റെ ചിതാഭസ്മം ശേഖരിച്ചു. ചിതാഭസ്മം പാട്‌നയിലേക്ക് കൊണ്ടുപോകുമെന്നും ആചാരപ്രകാരം പുണ്യനദിയിലൊഴുക്കുമെന്നും അതുലിന്റെ കുടുംബം പറഞ്ഞു

You might also like

-