മുദ്ര വായ്പാ പദ്ധതി വന്‍പരാജയമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ട്

സൃഷ്ടിച്ച ഓരോ തൊഴിലവസരത്തിനും 5.1 ലക്ഷം രൂപ വീതം ചെലവായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

0

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട മുദ്ര വായ്പാ പദ്ധതി വന്‍പരാജയമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ട്. സൃഷ്ടിച്ച ഓരോ തൊഴിലവസരത്തിനും 5.1 ലക്ഷം രൂപ വീതം ചെലവായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.പദ്ധതി ആരംഭിച്ച 2015 മുതല്‍ 2017 വരെയുള്ള 33 മാസങ്ങള്‍ക്കൊണ്ട് 1.12 കോടി തൊഴില്‍ അവസരങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2019 മാര്‍ച്ച് 27ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രാലയം ഇതേവരെ പുറത്തുവിട്ടിട്ടില്ല.സാമ്പത്തികമാന്ദ്യ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്

തൊഴിലില്ലായ്മ പരിഹരിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ മുന്നോട്ടുവച്ച പോംവഴിയാണു പ്രധാന്‍ മന്ത്രി മുദ്ര യോജന. പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള തൊഴില്‍ ബ്യൂറോയാണു സര്‍വേ നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി വായ്പ ലഭിച്ച 95,000 പേരുമായി ബന്ധപ്പെട്ടു.

12.27 കോടി ബാങ്ക് അക്കൗണ്ടുകള്‍ മുഖേന 5.71 ലക്ഷം കോടി രൂപയാണു മുദ്രാ വായ്പയായി നല്‍കിയത്. 50,000 രൂപവരെയാണു ശരാശരി വായ്പാ തുക. 10 ലക്ഷം വരെ വായ്പ ലഭിക്കും. വായ്പ നേടിയവരില്‍ അഞ്ചില്‍ ഒരാള്‍ മാത്രമേ പുതിയ സംരംഭം തുടങ്ങിയിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതായതു വെറും 20.6 ശതമാനം. ബാക്കി 80 ശതമാനം ആളുകളും തങ്ങളുടെ നിലവിലുള്ള ബിസിനസ് വര്‍ധിപ്പിക്കാനാണു പണമുപയോഗിച്ചത്.

സേവന, വ്യാപാര മേഖലയിലാണു പുതിയ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടത്. വായ്പ നേടിയവരില്‍ 51.06 ലക്ഷം സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്. 60.94 ലക്ഷം പേര്‍ തൊഴിലാളികളാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടിലാണ് പദ്ധതിപ്രകാരം ഏറ്റവും കൂടുതല്‍ തുക വിതരണം ചെയ്തിരിക്കുന്നത്. കര്‍ണാടക, മഹാരാ,ഷ്ട്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് യഥാക്രമം അഞ്ചുവരെ സ്ഥാനങ്ങളില്‍. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഏറെ പിന്നോട്ടുപോയതായാണ് അടുത്തകാലത്ത് പുറത്തുവന്ന റി്‌പ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഓഹരിവിപണിയില്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കൂടാതെ രൂപയുടെ മൂല്യത്തിലും വന്‍ ഇടിവാണ് നേരിടുന്നത്

You might also like

-