“എന്നെ കുറ്റപ്പെടുത്തരുത്! “…..LIFESTYLE

എന്നെ കുറ്റപ്പെടുത്തരുത്! എല്ലാം ശരികളും എന്റേത് മാത്രമാണ്.  എന്നെ കുറ്റപ്പെടുത്തരുത്! ഞാൻ സദാചാരത്തിന്റെ മകുടോദാഹരണമാണ്.

0
എന്നെ കുറ്റപ്പെടുത്തരുത് ! എന്റെ കീശയിൽ നിന്നെ പോറ്റാനുള്ള കാശുണ്ട്.
എന്നെ കുറ്റപ്പെടുത്തരുത്! നിന്റെ താമസം
എന്റെ വിയർപ്പിലെ മണ്ണിലും സിമന്റിലും കുഴച്ചുണ്ടാക്കി പണിത വീട്ടിലാണ്.
എന്നെ കുറ്റപ്പെടുത്തരുത്! എല്ലാം ശരികളും എന്റേത് മാത്രമാണ്.
എന്നെ കുറ്റപ്പെടുത്തരുത്! ഞാൻ സദാചാരത്തിന്റെ മകുടോദാഹരണമാണ്.
എന്നെ കുറ്റപ്പെടുത്തരുത് ! എന്റെ  കാരണവന്മാരുടെ  ആജ്ഞകളെ ശിരസ്സാവഹിക്കുന്ന പാവനമായ തലമുറയിലെ കണ്ണിയാണ്.
എന്നെ കുറ്റപ്പെടുത്തരുത് ! ഞാൻ  മദ്യപിച്ചു തല്ലുണ്ടാക്കും  തലോടും തെരുവിൽ കിടക്കും.
എന്നെ കുറ്റപ്പെടുത്തരുത് ! എന്റെ  പ്രിയപ്പെട്ടവരുടെ കാല് നക്കി നീ വെള്ളം കുടിക്കണം.
എന്നെ കുറ്റപ്പെടുത്തരുത്! എന്നെ സുഖിപ്പിക്കാനായി നീ വ്യക്തിത്വരഹിതയാകണം.
എന്നെ കുറ്റപ്പെടുത്തരുത്! ഞാൻ വെട്ടിപ്പിടിച്ചുണ്ടാക്കിയ കാശുമായി വരുമ്പോൾ കൂനിക്കൂടി എന്റെ വീട്ടിൽ നീ എന്നെയും കാത്തുകെട്ടിയിരിക്കണം.
എന്നെ കുറ്റപ്പെടുത്തരുത്! എന്റെ വയറ്റിനും വായിക്കും രുചിക്കുന്ന ആഹാരം മാത്രമേ നീ ഉണ്ടാക്കാവൂ.
എന്നെ കുറ്റപ്പെടുത്തരുത്! എന്റെ പ്രിയപ്പെട്ടവർക്ക്  നിന്നെ പുച്ഛിക്കാം പരിഹസിക്കാം അപമാനിക്കാം.
അപ്പോഴും അവരുടെ മുന്നിൽ കെട്ടിയൊരുങ്ങി ആടുന്ന പാവയെപ്പോലെ ഇളിച്ചു കാട്ടി നീ  നിൽക്കണം.
എന്നെ കുറ്റപ്പെടുത്തരുത്! ഞാൻ പോകുന്നിടത്തെല്ലാം ഒരു നിഴൽ പോലെ എന്നെ പിന്തുടരണം.
എന്നെ കുറ്റപ്പെടുത്തരുത്! ഞാൻ പറയുന്ന ആനവിഡ്ഢിത്തരങ്ങൾ കേട്ട് നീ തലകുനിക്കണം.
എന്നെ കുറ്റപ്പെടുത്തരുത്! പ്രദർശനപരതയിൽ  മുങ്ങി നീരാടി വന്ന എനിക്കൊപ്പമാണ് ഈ സമൂഹം.
എന്നെ കുറ്റപ്പെടുത്തരുത് ! എന്റെ കുടുംബക്കാർ എന്നെ അംഗീകരിക്കുമ്പോൾ എന്നിലെ സ്വത്വത്തിന്റെ മാറ്റ്‌ കൂടും.
എന്നെ കുറ്റപ്പെടുത്തരുത് ! നീ എന്നെ സുഖിപ്പിക്കണം സന്തോഷിപ്പിക്കണം. അപ്പോൾ എന്റെ തിളക്കമിരട്ടിക്കും. എന്റെ ബന്ധക്കാർ എന്നെ ആദരിക്കും. ഞാൻ മഹാനാകും മഹത്വമുള്ളവനാകും.
ഹ! ഹ! എന്റെ കാശും തടിമിടുക്കും കണ്ട് സൂത്രത്തിൽ സുഖിച്ചു ജീവിക്കാമെന്ന് നിനച്ച നിന്റെ വർഗ്ഗത്തിൽപ്പെട്ട ചില മരമണ്ടൂസകളെ ഞാൻ തുടർന്നും എന്റെ കാലടിക്കുള്ളിലിട്ടു  ചവിട്ടിമെതച്ചുകൊണ്ടേയിരിക്കും

അനുപ്രിയ രാജ്….

You might also like

-