സമയം കൊല്ലാൻ…..

വർഷം പത്തായി മാധ്യമപ്രവർത്തനം തുടങ്ങിയിട്ട്. പത്രം, ടെലിവിഷൻ, വെബ് അങ്ങനെ മാറി മാറി എത്രയെത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്തിരിക്കുന്നു. എവിടെയും ഉറച്ചു നിൽക്കാനാകുന്നില്ല. മൂന്ന് മാസമൊക്കെ കഴിയുമ്പോൾ വല്ലാത്തൊരുതരം മടുപ്പ് മസ്തിഷ്കത്തിലേക്ക് ഇരച്ചു കയറും. പിന്നെ എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് അവിടന്നിറങ്ങും

0

സമയം കൊല്ലാൻ

“ഹലോ… മീര…?”
“സാർ…?”
“എടോ…എന്താടോ… തനിക്ക് സൗകര്യമൊള്ളപ്പൊ പണി എടുത്താ മതിയോ… ആഴ്ചയൊന്നു കഴിഞ്ഞു, ഇത് വരെ ഒരു സാധനം കിട്ടിയിട്ടില്ല”
“സാർ… അത് പിന്നെ… ഞാൻ അന്വേഷിക്കുന്നുണ്ട്… കോറോണയായി കണക്ഷനുള്ള…. ഒരു സാധനത്തിനു വേണ്ടി… ”
“ഓ.. കൊറേയായല്ലോ ആലോചന… ഇനിയും ആലോച്ചോണ്ടിരുന്നാലെ അവിടെയിരിക്കത്തെയുള്ളൂ”
“ശെരി സാർ..ഞാൻ നാളെത്തന്നെ ഒരു സാധനം അയച്ചേക്കാം”
“ങും…അയച്ചിരിക്കണം”
തികട്ടി വന്ന അസ്വസ്ഥതയും അരിശവും പുറന്തള്ളിക്കൊണ്ടു മീര തന്റെ മൊബൈൽ ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. എത്രാമത്തെ സ്ഥാപനമാണിത്. വർഷം പത്തായി മാധ്യമപ്രവർത്തനം തുടങ്ങിയിട്ട്. പത്രം, ടെലിവിഷൻ, വെബ് അങ്ങനെ മാറി മാറി എത്രയെത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്തിരിക്കുന്നു. എവിടെയും ഉറച്ചു നിൽക്കാനാകുന്നില്ല. മൂന്ന് മാസമൊക്കെ കഴിയുമ്പോൾ വല്ലാത്തൊരുതരം മടുപ്പ് മസ്തിഷ്കത്തിലേക്ക് ഇരച്ചു കയറും. പിന്നെ എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് അവിടന്നിറങ്ങും. കുറേ നാൾ വീട്ടിൽ ചൊറിയും കുത്തിയിരുന്നു. ഇപ്പോൾ വയസ്സ് മുപ്പത്തഞ്ചായി. ‘പോയി കെട്ടിക്കൂടെ’യെന്ന വീട്ടുകാരുടെ പ്രാക്ക് ‌ അസഹ്യമായപ്പോൾ വീണ്ടും ജോലി അന്വേഷിച്ചിറങ്ങി.

അങ്ങനെ ഹൃദയ വിശാലതയുള്ള ചില മാധ്യമപ്രവർത്തകരുടെ ശുപാർശയിന്മേൽ ഇപ്പോളൊരു വെബ്സൈറ്റിൽ ജോലി തരമായിട്ടുണ്ട്. ഇടയ്ക്കൊക്കെ ചില ടിവി ചാനലുകാർ ലൊട്ടുലൊടുക്ക് പ്രോഗ്രാം അവതരണത്തിനായി വിളിക്കും. പക്ഷെ ഇഞ്ചി മുട്ടായി വാങ്ങാനുള്ള നക്കാപിച്ച കാശേ കയ്യിൽ തടയൂ. ഇപ്പോൾ കൊറോണയെ തുടർന്ന് വീട്ടിലിരിപ്പായപ്പോൾ ‘വർക് ഫ്രം ഹോം’ മോഡിലേക്ക് മീരയും മാറി. ലോക്ക് ഡൗണും കോറോണയുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ വെറൈറ്റികൾ ആഴ്ചകൾ തോറും തട്ടിക്കൂട്ടണമെന്നാണ് എഡിറ്ററുടെ മുന്നറിയിപ്പ്. ഇപ്പോൾ തന്നെ മൂന്ന് ആഴ്ചകളോളം പിന്നിട്ടു. ഇതുവരെയും യാതൊന്നും തന്നെ മീര എഴുതി നൽകിയിട്ടില്ല. സ്വാഭാവികമായും പ്രതികരിക്കേണ്ട വിധത്തിൽ തന്നെ എഡിറ്റർ പ്രതികരിച്ചു.

ഈ പണിയും തെറിക്കുമോ എന്ന ഭീതിയിൽ തന്റെ ഒതുക്കമില്ലാത്ത ചുരുൾ മുടികൾ അഴിച്ചിട്ടുകൊണ്ടു കട്ടിലിന്റെ സമീപത്തുള്ള അലമാരയിൽ ഒട്ടിച്ചേർന്നിരിക്കുന്ന കണ്ണാടിയിലേക്കു മീര രൂക്ഷമായി നോക്കി. ശരീരം അതാവശ്യം തടിച്ചിട്ടുണ്ട്. കണ്ണുകൾക്ക്‌ താഴെ കാളിമ പടർന്നിരിക്കുന്നു. ഭാവിയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ ആ മുഖത്ത് എപ്പോഴും നിഴലിക്കും.
” ഞാനൊരു പരാജയമാണ്..തീർത്തുമൊരു പരാജയം…എന്നെ പരാജയപ്പെടുത്തിയ എല്ലാ ദുഷ്ട ജന്മങ്ങളെയും ഞാൻ നശിപ്പിക്കും…ജോക്കർ സിനിമയിലെ നായകൻ ചെയ്തതു പോലെ..ഈ സമൂഹത്തെ മുഴുവൻ ഞാൻ നശിപ്പിക്കും..മനുഷ്യന്മാർ പരസ്പരം വെടിവെച്ചു ചാകട്ടെ…” പരാജയ ബോധം തലയ്ക്ക് പിടിച്ചാൽ, വിഭ്രാത്മകമായ ചിന്തകളിലേക്ക് മീരയിങ്ങനെ ഊളയിട്ടിറങ്ങാറുണ്ട്.

സമയം രാത്രി പത്ത് മണി. ആർട്ടിക്കിൾ നാളെ കൊടുക്കാമെന്നാണ് എഡിറ്റർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. കൊറോണയുടെ ഉത്ഭവവും വ്യാപനവും പിന്നെ ലോക്ക് ഡൌൺ കാലത്തെ വിക്രിയകളെയും
കുറിച്ചൊക്കെ എഴുതി മറിച്ചിട്ടുണ്ട്. ചുറ്റിനും മനുഷ്യന്റെ വേദനയും ദുരന്തങ്ങളുമാണ് . അതൊക്കെ ആവർത്തിച്ചു ആവർത്തിച്ചു എഴുതുന്നു പറയുന്നു. പിന്നെയും പിന്നെയും മനുഷ്യൻ ദുരന്തങ്ങളിൽ നിന്ന് ദുരന്തങ്ങളിലേക്കു കുതറി വീഴുന്നു. എന്ത് കൊണ്ടായിരിക്കാം ദുരന്തങ്ങൾക്ക് പിന്നാലെ മനുഷ്യനിങ്ങനെ പായുന്നത്. ചിന്തകൾ ….അതേ… അവന്റെ ചിന്തകൾ…അവളുടെ ചിന്തകൾ…മനുഷ്യന്റെ സമയത്തിനു പുല്ലു വില പോലും കൊടുക്കാത്ത കുറേ കാടൻ ചിന്തകൾ. തികട്ടി വരുന്ന ആ ചിന്തകളെ അടിച്ചമർത്താനായി മനുഷ്യൻ യാത്ര ചെയ്യുന്നു….സിനിമയ്ക്ക് പോകുന്നു…കമിതാക്കളാകുന്നു…. സർഗാത്മകമായി ഈ മനുഷ്യ വർഗം എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഉണ്ട്… തീർച്ചയായും ഉണ്ട്. കട്ടിലിലേക്ക് വലിച്ചെറിഞ്ഞ എന്റെ മൊബൈൽ ഫോൺ, റൂമിലെ ട്യൂബ് ലൈറ്റ്, ലാപ്ടോപ്, എന്റെ കാർ…. ഈ ഭൂമിയിലെ കോടാനുകോടി സൗകര്യങ്ങളെല്ലാം മനുഷ്യന്റെ തലച്ചോറിന്റെ സന്തതികളാണ്. ബുദ്ധിയുള്ള തലകൾ…മരമണ്ടൻ തലകൾ…നിർജീവമായ തലകൾ…. കാമാർത്തമായ തലകൾ….എന്താണ് എന്റെ തല? ഈ സമൂഹത്തെ മുഴുവൻ കത്തിയെരിക്കാനുള്ള പ്രതികാരമല്ലേ എന്റെ തല. …..വരട്ടെ….എല്ലാം നശിപ്പിക്കുവാൻ വരട്ടെ…നമുക്ക് ലോക്ക് ഡൌൺ സമയത്തെ ചിലരുടെയൊക്കെ തലയ്ക്കുള്ളിൽ കെട്ടികിടക്കുന്ന ചിന്തകളൊന്നു ചികഞ്ഞു നോക്കാം. അതിനു ശേഷം നശീകരണ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കാം. ഫോണിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളെല്ലാം മീര പരതി നോക്കി. ഒരു കൂട്ടം യുവാക്കൾ അണിനിരക്കുന്ന യാത്രാ കൂട്ടായ്മ. കോടാനുകോടി ഗ്രൂപ്പുകൾ….നോക്കാതെയും വായിക്കാതെയും കെട്ടികിടക്കുന്ന കോടാനുകോടി മെസ്സേജുകൾ…..
” ഇവരോട് ഞാനെന്ത് വിഷയമാണ് സംസാരിക്കേണ്ടത്” മീരയുടെ ശിരോമണ്ഡലത്തിലേക്കു അസ്വസ്ഥതയുടെ വിഷ കാറ്റ് ശക്തമായി വീശിയടിച്ചു.
സൂര്യൻ….ചന്ദ്രൻ…..പ്രപഞ്ചം….ഭൂമി…തന്റെ മുന്നിലുള്ള കണ്ണാടിയിലേക്കു മീര ചിന്തകൾ വാരിയെറിഞ്ഞു. പ്രതിബിംബം മീരയ്‌ക്കൊപ്പം വിറളി പൂണ്ടു.
പ്രതിബിംബം: ശേ! നിന്റെ തല മണ്ടത്തലയാണ്. ഇതൊക്കെ ചോദിച്ചാൽ യുവാക്കൾ ഊക്കിനൊരു കോട്ടുവായിടും.
മീര: കൊറോണ…ലോക്ക് ഡൌൺ….മരണം…പട്ടിണി….ദാരിദ്ര്യം….
പ്രതിബിംബം: നീയൊരു മരത്തലച്ചിയാണ്…ഇതൊക്കെ വിഡ്ഢിപ്പെട്ടിയിലും യൂട്യൂബിലുമൊക്കെയായി കുറേ കേൾക്കുന്നതല്ലേ! മതി….നിർത്ത്…!
മീര: അപ്പോൾ….ലോക്കഡോൺ സമയങ്ങൾ എങ്ങനെ ഗുണപ്രദമായി നിങ്ങൾ ചിലവഴിക്കുന്നുയെന്നു ചോദിച്ചാലോ…? അതായത് പാചകം കൃഷി ചിത്രരചന സംഗീതം തുടങ്ങിയവയെക്കുറിച്ചൊക്കെ ചോദിക്കട്ടെ !
പ്രതിബിംബം: ഓ…നിന്റെയൊരു നല്ലകുട്ടി ചമയൽ. ഇതൊക്കെ പറഞ്ഞാൽ ഒരു പട്ടി കുറുക്കൻ പോലും മിണ്ടുകേല.
മീര: പിന്നെ….പെണ്ണ്….ആണ്…അവരുടെ ബന്ധങ്ങൾ…അത്.. അത് ചോദിക്കട്ടെ?
പ്രതിബിംബം: കൊള്ളാം…അടിപൊളി..ചത്തു കിടക്കുന്നവർ പോലും ചാടി എണീട്ട് അഭിപ്രായം പറയും. ലോകമുള്ളടത്തോളം കാലം മനുഷ്യർ മടുക്കാതെ പറഞ്ഞുകൊണ്ടിരിക്കുന്ന ഏക വിഷയം. ചോദിക്കൂ…അവരുടെ ചിന്തകൾ അറിയൂ…അവരുടെ വിചാരങ്ങൾ അറിയൂ…
ചർച്ചയ്ക്കു തുടക്കമിട്ടു കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് മീര ആദ്യത്തെ മെസ്സേജ് അയച്ചു
മീര: എങ്ങനെയാണ് മനുഷ്യരോട് ഇടപെടേണ്ടത്?
അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഗ്രൂപ്പിലെ പ്രധാന നേതാവിന്റെ പ്രതികരണം തെളിഞ്ഞു. “ഞാൻ പറഞ്ഞു തന്നാൽ മതിയോ…?”
മീര: ആരെങ്കിലും പറഞ്ഞാൽ മതി. എനിക്ക് മനുഷ്യരെ പേടിയാണ്. അവർ സ്വാർത്ഥരാണ്‌. ഇവിടെ പുരുഷന്മാർ സ്ത്രീകൾക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്നു. തങ്ങളുടെ ശരീരം ആഗ്രഹിച്ചുകൊണ്ടാണ് പുരുഷന്മാർ വരുന്നതെന്ന വിചാരത്തിൽ സ്ത്രീകളും ജീവിക്കുന്നു.
“ഏതാണീ വിവരദോഷി…ഈ പീറ തള്ള ഏതാണ്…ഈ വിവരംകെട്ട സാധനമാണോ ടിവിയിൽ പോയി വിളിച്ചു കൂവുന്നത്” ! ലോക്ക് ഡൗണിന്റെ ആലസ്യത്തിൽ നിന്നും വാട്സ്ആപ്പ് ഗ്രൂപ്പിലെ യുവസംഘം സട കുടഞ്ഞെണീറ്റു. അവർ മീരയ്‌ക്കെതിരേ വാളും പരിചയുമേന്തി ശക്തമായ പ്രതിരോധ മതിൽ പണിതൊരുക്കി.
കൂട്ടത്തിലെ ശക്തയായ സ്ത്രീശബ്ദം മീരയെ ആക്രമിക്കുവാനുള്ള പണിയായുധങ്ങളുടെ മൂർച്ച കൂട്ടി.
സ്ത്രീശബ്ദം: താങ്കൾ എന്തൊക്കെയാണീ പറയുന്നത്….പുരുഷന്മാരെല്ലാം സ്ത്രീകളെ നശിപ്പിക്കുവാൻ ഇറങ്ങിയിരിക്കുകയാണോ…ഇങ്ങനെ ജനറലൈസ് ചെയ്തു പറയുന്നത് ഒട്ടും ശെരിയല്ല.
ഉടൻ തന്നെ സ്ത്രീശബ്ദത്തെ പിന്തുണച്ച് കൊണ്ടുള്ള ഇമോജികൾ വാട്സാപ്പിൽ പ്രത്യക്ഷപ്പെട്ടു.
“ഇത് പോരാ…ഇനിയും ചിന്തകൾ വേണം ..ഇനിയും വിചാരങ്ങൾ വേണം” പ്രതിബിംബം മീരയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങി.
“ചതി ….വഞ്ചന….പ്രതികാരം…ആ പദങ്ങൾ …അതുക്കൊണ്ടുള്ള എന്തെങ്കിലും സംഗതികൾ എടുത്തിട്ടാലോ..” മീരയിൽ പ്രത്യാശയുടെ വെളിച്ചം തെളിഞ്ഞു.
പ്രതിബിംബം: നീ ശെരിയായ പാതയിൽ എത്തിച്ചെർന്നിരിക്കുന്നു … ചില മനുഷ്യർ അങ്ങനെയാണ്. നേരിടേണ്ടി വന്ന ചതിയുടെയും വഞ്ചനയുടെയും ഭൂതകാലങ്ങൾ കുഴിച്ചുക്കൊണ്ടേയിരിക്കും. ഇക്കൂട്ടത്തിൽ പ്രണയ പരാജിതരായിരിക്കും കൂടുതൽ ആഴത്തിൽ കുഴിക്കുക. താൻ കബളിപ്പിക്കപ്പെട്ടു എന്ന തോന്നൽ ഒരു വേതാളം പോലെ അവരെ പിന്തുടരും. വഞ്ചിച്ചവരോടുള്ള നീറുന്ന ചിന്തയിൽ അവർ വെന്തുരുകും. സദാസമയവും ഫോണിന്റെ സ്ക്രീനിൽ നോക്കി മണ്മറഞ്ഞു പോയ വഞ്ചനയുടെ നീണ്ട വാട്സ്ആപ്പ് സന്ദേശങ്ങൾ പരതിക്കൊണ്ടിരിക്കും. ബുദ്ധിയും സമയവും തന്നെ വഞ്ചിച്ചു കടന്നു കളഞ്ഞ കാമുകിമാർക്കും കാമുകന്മാർക്കുമായി സമർപ്പിക്കും…അതുകൊണ്ട് നീ ധൈര്യമായി ചോദിക്കൂ മീര…ഒരു അണകെട്ട് തുറന്നു വിട്ടത് പോലെ ഉത്തരങ്ങൾ നിന്നിലേക്ക്‌ ഒഴുകിയെത്തും.
മീര: പുരുഷനും സ്ത്രീയ്ക്കും പരസ്പരം കാമം തീർക്കണം. അതിന് വേണ്ടി കണ്ടുപിടിച്ച പരിപാടിയാണ് ഈ കോപ്പിലെ പ്രണയം.
“ഈ സ്ത്രീയുടെ വാ അടപ്പിക്കാൻ അണു ബോംബ് തന്നെ വേണം” സ്ത്രീശബ്ദം ശക്തമായി പ്രതിരോധിച്ചു. ചൊറി വിഷം പുരട്ടിയ വില്ലെടുത്തു പ്രധാന നേതാവ് ലക്ഷ്യത്തിലേക്ക് തൊടുത്തു വിട്ടു. വീടെവിടെ…നാടെവിടെ…വട്ടാണല്ലേ…എന്ന മുനവെച്ച ചോദ്യങ്ങളുമായി ഗ്രൂപ്പിലെ യുവാക്കൾ സ്വകാര്യ സന്ദേശങ്ങൾ മീരയ്ക്ക് അയക്കുവാൻ തുടങ്ങി.
അതേസമയം സമാധാനത്തിന്റെ മെഴുകുതിരി വെട്ടവുമായി ഗ്രൂപ്പിലെ അഡ്മിൻ പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ചു.
“ചേച്ചി….നിർത്തു…ഇപ്പൊ എല്ലാരുംക്കൂടി ചേച്ചിയെ കൊല്ലും..പിൻവാങ്‌..” മീരയ്ക്ക് സ്വകാര്യമായി അഡ്മിൻ മുന്നറിയിപ്പ് നൽകി.
പ്രതിബിംബം: മീര…അവൻ നിര്മലനാണ്…നിഷ്കളങ്കനാണ്..ഇത് നിന്റെ ജീവിതമാണ്…നിനക്ക് വിചാരങ്ങൾ അറിയണം…ചിന്തകൾ അറിയണം..നിനക്ക് ജോലി വേണം..ങും! നീ സ്വാർത്ഥയാകൂ…അവരെ വൃണപ്പെടുത്തുന്ന ചോദ്യങ്ങൾ ഇനിയും ചോദിക്കൂ….
അഡ്മിന്റെ മുന്നറിയിപ്പിനെ മീര നിർദയം അവഗണിച്ചു. ‘എന്റെ പ്രതിബിംബമാണ് ശെരി. എനിക്ക് ജീവിക്കണം…ജോലി വേണം…കാശ് വേണം. വഞ്ചനയുടെ ഒരു കല്പിത കഥ മെനഞ്ഞാലോ!’ മീര ഭൂതകാലത്തിന്റെ ശവക്കുഴികൾ തോണ്ടാൻ തുടങ്ങി. എത്രയെത്ര ജീവിതങ്ങൾ…എത്രയെത്ര വഞ്ചനകൾ.. ആ കിട്ടിപ്പോയി! മനുഷ്യബന്ധങ്ങളിലെ ഭയപ്പെടുത്ത ആ അവസ്ഥ….വിവാഹം…അനശ്വരമായ പ്രണയത്തെ നിയമം കൊണ്ട് നിയന്ത്രിക്കുന്ന വിചിത്രമായ ഒരു കരാർ. ഇവൾ എന്റെ ഭാര്യ….ഇയാൾ എന്റെ ഭർത്താവ്. ജീവിതാവസാനം വരെ നമ്മൾ പരസ്പരം വിശ്വാസത്തോടെയും താങ്ങും തണലുമായി ജീവിച്ചോളാമെന്നു നിയമത്തിനു മുന്നിൽ കുറ്റവാളിയെ പോലെ പറയേണ്ടി വരുന്ന ദയനീയമായ അവസ്ഥ ….പക്ഷെ കുറ്റവാളികൾ കുറ്റം ചെയ്തു കൊണ്ടേയിരിക്കും…ഇതാ… എന്റെ അടുത്ത ചിന്തകൾ
മീര: “ഭർത്താവുമായി പ്രശ്നങ്ങൾ ഉള്ള എന്റെയൊരു സുഹൃത്ത്‌ അന്യ പുരുഷനുമായി പ്രേമത്തിലായി. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി അവനവളെ ലൈംഗികമായി ഉപയോഗിച്ചു. എന്നിട്ട് സമർഥമായി കടന്നു കളഞ്ഞു. താൻ വഞ്ചിക്കപ്പെട്ടതിൽ വേദനിച്ച്‌ അവൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.”
ഹ… ഹ… ഹ…സ്ത്രീശബ്ദത്തിനു ചിരിയടക്കാനായില്ല
“ഭർത്താവുള്ളപ്പോൾ വേറൊരുത്തന്റെ കൂടെ പോവുക…പിന്നെയവൻ പറ്റിച്ചെന്നൊക്കെപ്പറഞ്ഞു ആത്മഹത്യ ചെയ്യുക..കൊള്ളാം! അവളെയവൻ പീഡിപ്പിച്ചിട്ടൊന്നുമില്ലല്ലോ… എല്ലാ സുഖവും ആ പെണ്ണിനും കിട്ടി. പിന്നെയവൻ ചതിച്ചെന്നൊക്കെ പറയുന്നതിൽ എന്ത് സെൻസാണുള്ളത് ” ഉള്ളിൽ തികട്ടി വന്ന പുച്ഛം സ്ത്രീശബ്ദം വാരിവിതറി. ഭിത്തിയിൽ ചേർത്ത് നിർത്തി തല ഉരയ്ക്കുന്ന പോലുള്ള മറുപടിയുമായി യുവ കോമളന്മാർ രംഗത്തെത്തി.
“ആ പെണ്ണ് വളയ്ക്കാൻ നിന്ന് കൊടുത്തിട്ടല്ലേ അവൻ ചെയ്തിട്ട് പോയത്….പിന്നെ പെണ്ണുങ്ങളും തേച്ചിട്ടു പോകാറൊക്കെയുണ്ട്… അപ്പൊ ഈ ഭൂമി മലയാളത്തിലെ പെണ്ണുങ്ങളെല്ലാം വൃത്തികെട്ടവളാകുമോ…നിങ്ങളെ പോലുള്ള കൊറേ ഫെമിനിസ്റ്റുകളും കൊറേ കപട ബുദ്ധിജീവികളും ആണുങ്ങളെ കുറ്റം പറയാൻ വേണ്ടി മാത്രമാണ് കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത്”.
അല്പം കൂടി പ്രായോഗികമായ അഭിപ്രായ പ്രകടനവുമായി പ്രധാന നേതാവും കച്ചമുറുക്കി.
“എന്നെ പ്രേമിക്കൂ…പ്രേമിക്കൂയെന്ന് പറയുമ്പോൾ പ്രേമിച്ചല്ലേ പറ്റൂ…അതേ… നാളെ രാവിലെ ആ ആത്മഹത്യ ചെയ്യാനൊരുങ്ങിയ കൊച്ചിന്റെ അച്ഛന്റെയോ അമ്മയുടെയോ ഫോൺ നമ്പർ തരണേ, ഞാനവരെ വിളിച്ചു സംസാരിക്കാം”.
“എന്താണിവിടെ നടക്കുന്നത്…!” മനോഹരമായ യാത്രാ നിമിഷങ്ങളെക്കുറിച്ചും യാത്രാ പദ്ധതികളെക്കുറിച്ചുമല്ലേ ഈ ഗ്രൂപ്പിൽ ചർച്ച ചെയ്യേണ്ടത്. ഒരു വട്ട് സാധനം എന്തൊക്കയോ പുലമ്പി…പണിയും കോപ്പുമില്ലാത്ത കുറേ ലവന്മാർ അതിന്റെയൊക്കെ വാലും തലയും പിടിച്ചു എന്തൊക്കയോ കുരയ്ക്കുന്നു …എന്റെ കൊറോണ ദൈവങ്ങളെ… ഇതെന്തൊരു പരീക്ഷണമാണ് ! കൊറേ ആണും പെണ്ണും…അതിങ്ങളുടെ ചളിഞ്ഞ പ്രണയവും…പിന്നെ തേപ്പിന്റെ ഇരുണ്ട ചരിത്രവും…”ആരവടെ!” ഇനിയും നോക്കി നിൽക്കാനാവില്ല…! അരയും തലയും മുറുക്കി അഡ്മിൻ രംഗത്തെത്തി.
“അടുത്ത മഴയ്ക്ക് മുന്നേ ഈ ചർച്ചയിൽ നിന്നും ഗ്രൂപ്പിലെ അംഗങ്ങളെല്ലാം പിരിഞ്ഞു പോയിരിക്കണം. ഇത് ഓർഡറാണ് “. ബോൾഡ് ലിപികളിൽ അഡ്മിന്റെ സന്ദേശമെത്തി.
മീര നിശബ്ദമായി അൽപനേരം ചിന്തിച്ചു. മതി….ഇത് മതി…സ്വാർഥതയ്ക്കും ഒരു പരിധിയൊക്കെ വേണ്ടേ.
“അതേ…നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കണം…അതാവശ്യമായി എനിക്കൊരു ആർട്ടിക്കിൾ ചെയ്യാനുണ്ടായിരുന്നു. ലോക്ക് ഡൌൺ കാലത്തെ സമയം കൊല്ലലിനെക്കുറിച്ചായിരുന്നു എഴുതേണ്ടിയിരുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചതിനു വളരെ നന്ദി”.
“പീറ തള്ള…നമ്മളെ ശശിയാക്കി…ഹോ..നമ്മുടെ വിലപ്പെട്ട സമയം… നമുക്കെന്തൊക്കെ ചെയ്യാമായിരുന്നു……അവളുടെ ആർട്ടിക്കിൾ … കോപ്പ്…എവിടെ അഡ്മിൻ തെണ്ടി? ” യുവ സംഘങ്ങൾ അലറി.
നിഷ്കളങ്കനായ അഡ്മിൻ ഉടൻ തന്നെ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി. ഞാൻ ശശി… നീ ശശി….അങ്ങനെ തങ്ങളുടെ ബുദ്ധിയും സമയവും പാഴാക്കിയതിലുള്ള അടങ്ങാത്ത അമർഷം വാട്സ്ആപ്പ് ഇമോജികളിലൂടെ യുവാക്കൾ പ്രകടിപ്പിച്ചു.
വിചാരങ്ങൾ….ചിന്തകൾ…. എല്ലാമെല്ലാം മീര തന്റെ ലാപ്ടോപ്പിലെക്കു പകർത്തുവാൻ തുടങ്ങി. നിദ്രാവിഹീനമായ നിമിഷങ്ങളെ പുണർന്നു കൊണ്ട് എഴുത്തു പൂർത്തിയാക്കി എഡിറ്ററുടെ മെയ്‌ലിലേക്കു മീര തന്റെ കുറിപ്പയച്ചു.
മൊബൈലിൽ റിങ് അടിക്കുന്നുണ്ട്. ഉറക്കച്ചടവോടെ മീര ഫോണെടുത്തു.
” ഹലോ….ഹലോ…”
“മീര…കൊള്ളാം…നല്ല വിഷൻ ഉള്ള സാധനം..ഗുഡ് വർക്ക്‌” പുലർച്ചെയുള്ള എഡിറ്ററുടെ അഭിനന്ദന വചനങ്ങൾ മീരയെ ഉന്മേഷവതിയും ഊർജ്വസ്വലയുമാക്കി.
“താങ്ക്സ് സാർ…”.
ഹേ മനുഷ്യാ….നിന്റെ വിചാരങ്ങൾക്കു ആയിരമായിരം നന്ദി….നിന്റെ ചിന്തകൾക്ക് കോടി പ്രണാമം…! മീര നിശബ്ദമായി പ്രാർത്‌ഥിച്ചു.

You might also like

-