ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്. ലീഗിന്‍റെ അധിക സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും
പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് ഉന്നതാധികാര സമിതി യോഗം
പാണക്കാട് :അന്തിമ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്.പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് ഉന്നതാധികാര സമിതി യോഗം. ലീഗിന്‍റെ അധിക സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സ്ഥാനാര്‍ഥി പരിഗണനയില്‍ പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകളാണ് പരിഗണനയിലുള്ളത്. ഇന്നത്തെ കൂടിയാലോചനകള്‍ക്ക് ശേഷം നാളെയാകും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക.
അധിക സീറ്റുകളിൽ ധാരണയിലെത്താൻ വൈകിയതിനൊപ്പം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകള്‍ നിലനിൽക്കുന്ന സാഹചര്യത്തിലുമാണ് ലീഗ് യോഗം. ചേരുന്നത്. ഇത്തവണ 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുക. എന്നാല്‍ അധികമായി ആവശ്യപ്പെട്ട പട്ടാമ്പി മണ്ഡലം വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. പട്ടാമ്പി കിട്ടില്ലെന്നുറപ്പായാല്‍ പകരം മറ്റേത് സീറ്റ് ആവശ്യപ്പെടണമെന്നതാകും ഇന്നത്തെ യോഗത്തില്‍ ആദ്യ ചര്‍ച്ച.
നിലവില്‍ കാസര്‍കോട് ജില്ലയില്‍ രണ്ട് മണ്ഡലങ്ങളിലും ഏറെക്കുറെ സ്ഥാനാര്‍ഥികള്‍ ധാരണയായി. കാസര്‍കോട് മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ എന്‍ എ നെല്ലിക്കുന്നും മഞ്ചേശ്വരത്ത് എ കെ എം അഷ്റഫും മത്സരിച്ചേക്കും. കണ്ണൂരില്‍ അഴീക്കോട് സിറ്റിംഗ് എംഎല്‍എ കെ എം ഷാജി മത്സരിക്കില്ലെന്നാണ് സൂചന. പകരം അഡ്വ.കരീം ചേലേരി സ്ഥാനാര്‍ഥിയായേക്കും. ജില്ലയില്‍ ഇത്തവണ അധികമായി ലഭിച്ച കൂത്തുപറമ്പ് സീറ്റില്‍ പി കെ അബ്ദുല്ല മത്സരിച്ചേക്കും. കോഴിക്കോട് സൌത്തില്‍ നിന്നും എം കെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറുന്നതിലും അന്തിമ തീരുമാനമായില്ല. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ല തന്നെ മത്സരിക്കും. കുന്ദമംഗലത്തും തിരുവമ്പാടിയിലും അധികമായി ആവശ്യപ്പെട്ട പേരാമ്പ്രയിലും ഒന്നിലധികം പേരുകള്‍ സാധ്യതാ പട്ടികയിലുണ്ട്.
കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ട്. മലപ്പുറം ജില്ലയില്‍ വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുട്ടിയും വള്ളിക്കുന്ന്, കോട്ടക്കല്‍, ഏറനാട്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ സിറ്റിംഗ് എംഎല്‍മാരും മത്സരിക്കും. മലപ്പുറത്തും മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലും തിരൂര്‍, താനൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളിലും ഒന്നിലധികം പേരുകളാണ് ഇപ്പോഴും പരിഗണനയിലുള്ളത്. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ പരിഗണിക്കുന്നവരില്‍ കെ എം ഷാജിയുടെ പേരും ഉള്‍പ്പെടുന്നുണ്ട്. മങ്കടയില്‍ മഞ്ഞളാംകുഴി അലി സ്ഥാനാര്‍ഥിയായേക്കും. മണ്ണാര്‍ക്കാടും ഗുരുവായൂരും അന്തിമ തീരുമാനമായില്ല. കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിനെയോ മകന്‍ അബ്ദുല്‍ ഗഫൂറിനെയോ മത്സരിപ്പിക്കണമെന്ന മണ്ഡലത്തിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യവും നേതൃയോഗത്തില്‍ ചര്‍ച്ചയാകും. ഇരുവരെയും മത്സരിപ്പിക്കരുതെന്ന് മണ്ഡലം, ജില്ലാ കമ്മറ്റി ഭാരവാഹികളില്‍ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.