ഭൂ നിയമ ഭേദഗതി ബിൽ 2023 ജന്മി കൂടിയാൻ വ്യവസ്ഥ തിരിച്ചുകൊണ്ടുവരും , ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ്
1960 ലെ പട്ടയ നിയമത്തിന് കീഴിൽ കഴിഞ്ഞ 60 വർഷക്കാലത്തിലേറെയായി നിയമപരമായി എല്ലാ രേഖകളോടെയും എല്ലാവിധ നികുതികളും അടച്ച് നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ വീണ്ടും പണം വാങ്ങി ക്രമവൽക്കരിക്കുക എന്നതാണ് സർക്കാർ ഈ ബില്ലിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്.
ഇടുക്കി |ഭൂ നിയമ ഭേദഗതി ബിൽ 2023 എന്നപേരിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട ബില്ല് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതാണ്. ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് പ്രസ്താവനയിൽ പറഞ്ഞു . 1960 ലെ പട്ടയ നിയമത്തിന് കീഴിൽ കഴിഞ്ഞ 60 വർഷക്കാലത്തിലേറെയായി നിയമപരമായി എല്ലാ രേഖകളോടെയും എല്ലാവിധ നികുതികളും അടച്ച് നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ വീണ്ടും പണം വാങ്ങി ക്രമവൽക്കരിക്കുക എന്നതാണ് സർക്കാർ ഈ ബില്ലിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്. ഇത് വൻ അഴിമതിക്കും വർഷങ്ങളോളം നീളുന്ന കാലവിളമ്പത്തിനും ഇടയാക്കും എന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റും മറ്റ് പല പ്രസ്ഥാനങ്ങളും ജനോപകാരപ്രദമായ അവതരണത്തിന് ബദൽ ബില്ലുകൾ സർക്കാരിന് കൈമാറിയിരുന്നതുമാണ്. എന്നാൽ മുൻകൂട്ടി തയ്യാറാക്കിയ അജണ്ട നടപ്പിലാക്കുകയാണ് സർക്കാർ ചെയ്തത്.
നിലവിൽ പട്ടയ ഭൂമിയിലുള്ള എല്ലാ അധികാരങ്ങളും നഷ്ടപ്പെട്ട് പഴയ ജന്മികുടിയൻ വ്യവസ്ഥയിലെ കുടിയാൻ മാത്രമായി കർഷകരും വ്യാപാര വ്യവസായ ടൂറിസം മേഖലകളിൽ പ്രവർത്തിക്കുന്നവരും മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
ഇത് ഭൂ ഉടമകളെ 60 വർഷം പിന്നിലേക്ക് കൊണ്ടുപോവുകയാണ്. അടുത്ത 50 വർഷത്തേക്ക് എങ്കിലും ഉള്ള വികസനം മുന്നിൽ കണ്ടുകൊണ്ട് ഒരു നിയമം നിർമ്മിക്കുന്നതിന് പകരം അറു പിന്തിരിപ്പൻ ആയിട്ടുള്ള ഒരു നിയമനിർമാണത്തിലൂടെ ലഭിച്ച അവകാശങ്ങൾ ഉദ്യോഗസ്ഥന്മാർക്ക് അടിയറ വയ്ക്കുന്ന സാഹചര്യത്തിലേക്കാണ് ജനങ്ങൾ നീങ്ങുന്നത്
കേരള ഭൂ പതിവ് ഭേദഗതി ബിൽ 2023 ഒട്ടേറെ ആശങ്കകൾ ഉളവാക്കുന്നതാണ് . നിലവിൽ നിർമിച്ചിട്ടുള്ള ഗാർഹികേതര കെട്ടിടങ്ങൾ ഏത് തരത്തിലാണ് ക്രമവൽക്കരിക്കുന്നത് എന്ന് ഇപ്പോഴും വ്യക്തതയില്ല. അതുപോലെതന്നെ 1960ലെ നിയമവും 1964ലെ ചട്ടവും 1993 ലെ ചട്ടവും അനുസരിച്ച് പട്ടയം ലഭിച്ചിട്ടുള്ള മറ്റ് ചട്ടലംഘനങ്ങൾ ഇല്ലാത്ത ഭൂമി കൈവശം വെച്ചിരിക്കുന്ന ആളുകൾക്ക് വീട് ഒഴുകെ ഉള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. അതുപോലെ തന്നെ 10000 കണക്കിന് ആളുകൾക് ഇനിയും പട്ടയം ലഭിക്കാൻ ഉണ്ട്. പട്ടയം ലഭിക്കാനുള്ള ഭൂമിയിൽ ഇപ്പോൾ ഇടുക്കി ജില്ലയെ സംബന്ധിച്ച് നിരവധി ഗാർഹികേതര കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട് ഇത്തരം കെട്ടിടങ്ങളിൽ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. അവർക്കെല്ലാം പുതുതായി പട്ടയം ലഭിക്കേണ്ടതും ഉണ്ട്. അതിനെ സംബന്ധിച്ചും ഈ നിയമ ഭേദഗതിയിൽ യാതൊരു പരാമർശവും ഇല്ല എന്നുള്ളത് ഞങ്ങൾക്ക് വളരെ ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ ഈ നിയമ ഭേദഗതിയെ തുടർന്നുണ്ടാകുന്ന ചട്ടങ്ങളെ സംബന്ധിച്ച് വ്യക്തത ഉണ്ടായാൽ മാത്രമേ ഇ നിയമഭേദഗതി അംഗീകരിക്കാൻ കഴിയുകയുള്ളൂ.ഈ ഭേദഗതി അനുസരിച്ച് 1960ലെ നിയമമനുസരിച്ച് പട്ടയം കിട്ടിയവർക്കും എല്ലാവിധ നിയമസംവിധാനങ്ങളും അംഗീകരിച്ചി ട്ടുള്ള ഇനിയും പട്ടയം കിട്ടാനുള്ള ഇടുക്കി ജില്ലയിലെ കുടിയേറ്റ കർഷകർക്കും വ്യാപാരികൾക്കും ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല എന്നാണ് വിലയിരുത്തുതെന്ന് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് ചെയർമാൻ സണ്ണി സണ്ണി പൈമ്പിള്ളിയും ,ജനറൽ കൺവീനിയർ റസാക്ക് ചൂരവേലിയും പ്രസ്താവനയിൽ പറഞ്ഞു .