ലക്ഷദ്വീപ് വിഷയത്തിൽ തുടർപ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ഇന്ന് സർവ്വകക്ഷിയോഗം .കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ അഡ്മിനിസ്റ്റർ
വിവാദ നടപടികളിൽ പ്രതിഷേധിച്ച് ദ്വീപിലെ ബിജെപി നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചിരുന്നു. ലക്ഷദ്വീപിലെ മുൻ ചീഫ് കൗൺസിലർമാരും യോഗത്തിൽ പങ്കെടുക്കും.
കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ തുടർപ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ഇന്ന് സർവ്വകക്ഷിയോഗം ചേരും. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ദ്വീപിലെ മുഴുവൻ രാഷ്രിയ പാർട്ടി പ്രതിനിധികളും ബിജെപിയും പങ്കെടുക്കും.വിവാദ നടപടികളിൽ പ്രതിഷേധിച്ച് ദ്വീപിലെ ബിജെപി നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചിരുന്നു. ലക്ഷദ്വീപിലെ മുൻ ചീഫ് കൗൺസിലർമാരും യോഗത്തിൽ പങ്കെടുക്കും.ജനകീയ പ്രതിഷേധങ്ങൾ അവഗണിച്ച് ലക്ഷദ്വീപിൽ വിവാദ നടപടികളുമായി അഡ്മനിസ്ട്രേഷൻ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം ചേരുന്നത്. വൈകിട്ട് നാലിന് നടക്കുന്ന ഓൺലൈൻ യോഗത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾ എങ്ങനെ വേണമെന്ന് തീരുമാനിക്കും.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ വിവാദ ഉത്തരവുകൾക്കെതിരെ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്നാണ് പൊതുഅഭിപ്രായം. യോഗത്തിൽ ബിജെപിയുടെ നിലപാടും നിർണായകമാണ്.
അഡ്മിൻസ്റ്ററേറ്റർ വിവാദ ഉത്തരവുകളുമായി മുന്നോട്ടു പോകുന്നതിനിടെ ദീപിൽ കൊവിഡ് കേസുകൾ വര്ധിച്ചിട്ടുണ്ട് . ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കാൻ അഡ്മിനിസ്ട്രേഷൻ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്. കൊവിഡ് കേസുകൾ കൂടുതലുള്ള കവരത്തി, അഗത്തി ദ്വീപുകളിൽ ഓക്സിജൻ കിടക്ക, ഐസിയു സൗകര്യങ്ങൾ കുറവാണെന്നാണ് ആക്ഷേപം. ചികിത്സ സൗകര്യങ്ങളുള്ള ദ്വീപുകളിലേക്ക് രോഗികളെ മാറ്റുന്നതിന് നിയന്ത്രണമേർപ്പെടുത്തിയുള്ള ഉത്തരവും വരും ദിവസങ്ങളിൽ സാഹചര്യം സങ്കീർണ്ണമാക്കും. ബംഗാരം ടൂറിസം ദ്വീപിന്‍റെ നടത്തിപ്പും ലക്ഷദ്വീപിന്‍റെ കൊച്ചി ഗസ്റ്റ് ഹൗസും സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ നീക്കം തുടങ്ങിയെന്നാണ് വിവരം. ദ്വീപിൽ സ്വകാര്യ ഡെയറി ഫാമുകളുടെ ആദ്യ കേന്ദ്രം കവരത്തിയിൽ തുടങ്ങാനാണ് തീരുമാനമായത്. സർക്കാർ ജീവനക്കാരെ പിരിച്ചുവിടുന്നതിനായി കാര്യക്ഷമതയില്ലാത്തവരുടെ പട്ടിക ഉടൻ തയ്യാറാക്കും.
ഇതിനിടെ ലക്ഷദ്വീപ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന് 20 വര്‍ഷമായുണ്ടായിരുന്ന കപ്പൽ വിഭാഗത്തിന്‍റെ അധികാരങ്ങള്‍ എടുത്തുമാറ്റാന്‍ നീക്കം. കപ്പലുകളുടെ ക്രൂമാരെ നിയമിക്കാനുള്ള കരാർ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് കൈമാറുന്നു. 6 മാസത്തിനുള്ളിൽ കപ്പലുകള്‍ ഏറ്റെടുക്കുമെന്ന് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്നത് ഏഴ് യാത്രാ കപ്പലുകളും എട്ട് ബാര്‍ജുകളും സ്പീഡ് വെസലുകളുമാണ്. ഇതിലെല്ലാമായി 800 ല്‍ അധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ക്രൂമാരില്‍ 70 ശതമാനം പേരും ലക്ഷദ്വീപില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്ന 30 ശതമാനം കേരളത്തിലെ ജീവനക്കാരും. ലക്ഷദ്വീപിലെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് കപ്പല്‍ ജീവനക്കാരുടെ വരുമാനമാണ്.