ആറരമണിക്കൂർ ചോദ്യം ചെയ്യൽ “മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട” ജലീല്‍ മടങ്ങി
ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും തനിക്കെതിരെ യാതൊരു തെളിവും കിട്ടില്ലെന്ന്
കൊച്ചി: യുഎഇ കോൺസുലേറ്റ് വഴിയെത്തിയെ മതഗ്രന്ഥങ്ങൾ അനുവാദമില്ലാതെ പുറത്ത് വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ ടി ജലീലിനെ ആറര മണിക്കൂർ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് വിട്ടയച്ചു. ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും തനിക്കെതിരെ യാതൊരു തെളിവും കിട്ടില്ലെന്ന് ചോദ്യം ചെയ്യലിന് പിന്നാലെ ജലീൽ ഫേസ്ബുക്കിൽ കുറിച്ചു .
രാവിലെ 11.45 ന് ഔദ്യോഗിക വാഹനത്തിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ എത്തിയ മന്ത്രിയുടെ മൊഴിയെടുക്കൽ 12 മണിക്ക് തുടങ്ങി.
മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതിനാണ് വിളിച്ചുവരുത്തിയിരിക്കുന്നതെങ്കിലും സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുളള ഫോൺ വിളികൾ, കോൺസുലേറ്റുമായുളള ബന്ധം, ഭക്ഷ്യകിറ്റ് വിതരണം, ഈന്തപ്പഴ വിതരണം എന്നിവ സംബന്ധിച്ചെല്ലാം മന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി. ഇതിനായി പ്രത്യേക ചോദ്യാവലിയും തയാറാക്കിയിരുന്നു.
യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ധങ്ങളും ഈന്തപ്പഴവും വിതരണം ചെയ്തതിന്‍റെ മറവിൽ സ്വർണക്കളളക്കടത്ത് നടന്നോയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. എന്നാൽ തനിക്കിതേക്കുറിച്ച് അറിയില്ലെന്നും കോൺസുലേറ്റിൽ നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് മതഗ്രന്ഥങ്ങൾ ഏറ്റുവാങ്ങി വിതരണം ചെയ്തതെന്നും ജലീൽ പറഞ്ഞതായാണ് വിവരം . വൈകിട്ട് ആറരയ്ക്ക് ചോദ്യം ചെയ്യൽ പൂർത്തിയാക്കി പുറത്തിറങ്ങും മുമ്പാണ് നിലപാട് വ്യക്തമാക്കി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
തന്‍റെ കഴുത്തിൽ കുരുക്ക് മുറുക്കുന്നവർ സ്വയം കുഴയുകയോ അല്ലെങ്കിൽ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ ഒന്നും സംഭവിക്കില്ലെന്നും പോസ്റ്റിലുണ്ട്. ഇതു വെല്ലുവിളിയല്ലെന്നും തെറ്റുചെയ്തിട്ടില്ലെന്ന ബോധ്യത്തിൽ നിന്നുളള മനോധൈര്യമെന്നും കുറിപ്പിലുണ്ട്. ഇഡിയും എൻഐഎയും രഹസ്യമായി വിളിച്ചതുകൊണ്ടാണ് രഹസ്യമായി പോയതെന്നും കസ്റ്റംസ് പരസ്യമായി വിളിച്ചതുകൊണ്ടാണ് പരസ്യമായി പോയതെന്നും മന്ത്രി പറയുന്നു.
ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്