കൊടും ചൂട് ; വൈദ്യുതി ഉപഭോഗം സർവകാല റിക്കോർഡിൽ
ഈ മാസം കെ എസ് ഇ ബി പ്രതീക്ഷിച്ചത് പ്രതിദിനം 77.90 ദശലക്ഷം യൂണിറ്റ് വർദ്ധനവാണ്. എന്നാൽ സകല കണക്കു കൂട്ടലുകളെയും തെറ്റിച്ചു കൊണ്ട് ഉയരുന്ന ചൂടിനൊപ്പം കുതിക്കുകയാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും
തിരുവനന്തപുരം: വേനൽ കടുക്കുന്നതോടൊപ്പം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കുതിക്കുന്നു. ചൊവ്വാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത് 85.89 ദശലക്ഷം യൂണിറ്റ് വൈദ്യുതി. തിങ്കളാഴ്ചത്തെ 84.21 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് ചൊവ്വാഴ്ച മറികടന്നത്.
വൈദ്യുതി ബോർഡിന്റെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതാണ് ഈ വർദ്ധനവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ മാസം കെ എസ് ഇ ബി പ്രതീക്ഷിച്ചത് പ്രതിദിനം 77.90 ദശലക്ഷം യൂണിറ്റ് വർദ്ധനവാണ്. എന്നാൽ സകല കണക്കു കൂട്ടലുകളെയും തെറ്റിച്ചു കൊണ്ട് ഉയരുന്ന ചൂടിനൊപ്പം കുതിക്കുകയാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും.
ഉയരുന്ന ചൂടിന് പുറമെ തിരഞ്ഞെടുപ്പ് ചൂടും വൈദ്യുതി ഉപഭോഗം കൂടാൻ കാരണമാകുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ സജീവമായി പ്രവർത്തിക്കുന്നതും താത്കാലിക തിരഞ്ഞെടുപ്പ് ഓഫീസുകൾ പ്രവർത്തിക്കുന്നതും ഉപഭോഗം കുത്തനെ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്.ഇവയ്ക്ക് പുറമെ ഐ പി എൽ ക്രിക്കറ്റ് സീസൺ ആരംഭിച്ചതും വൻ തോതിൽ വൈദ്യുതി ഉപയോഗിക്കപ്പെടുന്നതിന് കാരണമായി.