കെപിസിസി ഭാരവാഹി പട്ടിക; അന്തിമ തീരുമാനം വൈകും
നിലവിലെ ജംബോ പട്ടികയിൽ അഞ്ച് വർക്കിംഗ് പ്രസിഡന്റുമാർമാർ, 10 വൈസ് പ്രസിഡണ്ടുമാർ, 30 ജനറൽ സെക്രട്ടറിമാർ, 50 സെക്രട്ടറിമാരുമാണ് ഉള്ളത്.
തിരുവനന്തപുരം :കെപിസിസി ഭാരവാഹി പട്ടികയിൽ അന്തിമ തീരുമാനമായില്ല. ജംബോ പട്ടികയിൽ നിന്ന് എണ്ണം കുറക്കാനാണ് ഹൈക്കമാൻഡിന്റെ കർശന നിർദേശം. പട്ടികയിലെ പേരുവിവരങ്ങൾ മാധ്യമങ്ങൾ അറിഞ്ഞതിൽ കെപിസിസി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ അതൃപ്തി അറിയിച്ചു.നിലവിലെ ജംബോ പട്ടികയിൽ അഞ്ച് വർക്കിംഗ് പ്രസിഡന്റുമാർമാർ, 10 വൈസ് പ്രസിഡണ്ടുമാർ, 30 ജനറൽ സെക്രട്ടറിമാർ, 50 സെക്രട്ടറിമാരുമാണ് ഉള്ളത്. എന്നാൽ ഇത് കൂടുതലാണെന്നും പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്നുമാണ് ഹൈകമാൻഡിന്റെ നിലപാട്. അതിനാൽ എണ്ണം കുറക്കണമെന്ന് ഹൈക്കമാൻഡ് കർശന നിർദേശം നൽകി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായും സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുമായും ഇന്നും ചർച്ച നടത്തി.
ജംബോ പട്ടികയിലെ പേരുവിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചതിൽ മുല്ലപള്ളിയ്ക്ക് കടുത്ത അത്യപ്തി ഉണ്ട്. ഒരു പദവി മാനദണ്ഡം തള്ളിയതിലും മുല്ലപ്പള്ളി രാമചന്ദ്ര അത്യപ്തി ഹൈകമാൻഡിനെ അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രതിനിധിയായി സിആർ മഹേഷിനെ ഉൾപെടുത്തിയതിൽ പ്രവർത്തകർ സോണിയ ഗാന്ധിയെ നേരിൽക്കണ്ട് അതൃപ്തി അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ പ്രതിനിധിയായി മഹേഷിനെ അംഗീകരിക്കാൻ കഴിയില്ലെന്നും ജംബോ പട്ടികയായ സ്ഥിതിയ്ക്ക് അർഹിക്കുന്ന പ്രാതിനിധ്യം വേണമെന്നാണ് നേതാക്കളുടെ നിലപാട്. നേരെത്തെ യൂത്ത് കോൺഗ്രസ് 17 പേരുടെ പട്ടികയാണ് പുനഃസംഘടനയിലേക്ക് പരിഗണിക്കാനായി നൽകിയിയിരുന്നത്.