രാജ്യത്ത് 24 മണിക്കൂറിനിടെ 18,987 പേർക്ക് കോവിഡ് 96 കോടിയിലധികം പേർക്ക് വാക്‌സിൻ
കേരളത്തിലാണ് പ്രതിദിന രോഗികൾ ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 11079 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,40,20,730 ആയി. 2,06,586 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കേരളത്തിലാണ് പ്രതിദിന രോഗികൾ ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 11079 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 19,808 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,33,62,709 പേർ ഇതുവരെ രോഗമുക്തി നേടി. 96 കോടിയിലധികം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ രാജ്യത്ത് 96,82,20,997 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ മാസം വാക്‌സിനേഷൻ 100 കോടി പിന്നിടുമെന്ന നേട്ടത്തിനരികെയാണ് രാജ്യം.
കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 246 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,51,435 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,01,083 സാമ്പിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 58,76,64,525 ആയി ഉയർന്നു.