കൊല്ലപ്പെട്ട വീട്ടമ്മയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു.അന്വേഷണം ബന്ധുക്കളിലേക്ക് ?

വീടിനെ സംബന്ധിച്ച് കൃത്യമായ വിവരം അറിയുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസിന്‍റെ നിഗമനം.

0

കോട്ടയം: വേളൂരിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു. പൊലീസ് അന്വേഷണം ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വീടിനെ സംബന്ധിച്ച് കൃത്യമായ വിവരം അറിയുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസിന്‍റെ നിഗമനം. കുടുംബത്തിൻറെ പണമിടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

മരിച്ച ഷീബയുമായും ഭര്‍ത്താവ് സാലിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളോ ഇവരുടെ പരിചയക്കാരോ ആകാം കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സാഹചര്യ തെളിവുകളും മറ്റും ഇതിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നതും. പ്രധാനമായും അക്രമി എങ്ങനെ വീടിനുള്ളില്‍ എത്തി എന്നത് പരിശോധിക്കുമ്പോള്‍ പരിചയമുള്ള ആരോ വന്നപ്പോള്‍ വീട്ടിലുള്ളവര്‍ വാതില്‍ തുറന്നുകൊടുത്തതാകാമെന്ന് പൊലീസ് കരുതുന്നു. പിന്‍വാതിലിലൂടെയാണ് പ്രതി രക്ഷപ്പെട്ടത്. മോഷണ ശ്രമമാണോ എന്ന കാര്യത്തിലും വിശദമായ പരിശോധന പുരോഗമിക്കുകയാണ്.

പ്രതി രക്ഷപ്പെട്ട വാഗണര്‍ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനം പോയ വഴിയിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. വൈക്കം ഭാഗത്തേക്കാണ് വണ്ടി പോയത്. വാഹനം കണ്ടെത്തിയാല്‍ നിര്‍ണായക വഴിത്തിരിവുണ്ടാകും. കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്തേക്കും. അതേസമയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സാലിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. സാലിയുടെ മൊഴിയെടുക്കാന്‍ സാധിച്ചാല്‍ കേസില്‍ അത് നിര്‍ണായക വഴിത്തിരിവാകും.

അതേസമയം വീട്ടമ്മയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്നാണ് പോസ്റ്റുമോര്‍ട്ടറിപ്പോർട്ട് . മരണത്തിലേക്ക് നയിക്കാവുന്ന ഒന്നിലധികം മുറിവുകളുണ്ട്. മൂക്കിന് താഴെയും കഴുത്തിലും മാരകമായ മുറിവുകളാണുള്ളത്. ബലപ്രയോഗം നടത്തിയത്തിന്റെ ലക്ഷണങ്ങളുമുണ്ടെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. വൈദ്യുതാഘാതം ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ആന്തരിക അവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തത വരൂ.

സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സര്‍ജിക്കല്‍ ഗ്ലൌസ് മണത്ത പൊലീസ് നായ അറുപുഴ ജംഗ്ഷനിലെ ഒരു ചായക്കട വരെ ഓടി. ഇതിനിടെ വീട്ടിലെ സ്വര്‍ണ്ണം അടക്കം മോഷണം പോയിട്ടുണ്ടെന്ന പരാതി ബന്ധുക്കള്‍ ഉന്നയിച്ചു

You might also like

-