ഐ ഫോൺ വിവാദം കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് നോട്ടീസ്.

സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും IMEI നമ്പർ ഉപയോഗിച്ച് കസ്റ്റംസ് സിം കാർഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണ് സൂചന.

0

കൊച്ചി: സിപിഎം നേതാവ് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്.യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചത്. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്.

സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും IMEI നമ്പർ ഉപയോഗിച്ച് കസ്റ്റംസ് സിം കാർഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണ് സൂചന. നേരത്തെ തന്നെ ഈ ഐഫോണിനെ ചൊല്ലി വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്വപ്നയ്ക്ക് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പൻ ഐഫോണുകൾ വാങ്ങി നൽകിയത് എന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ.

മേൽപ്പറഞ്ഞ വിവാദങ്ങസംഭവങ്ങൾ നടന്ന സമയത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായിരുന്ന വ്യക്തിക്ക് അതിൻ്റെ പങ്ക് ലഭിച്ചു എന്നത് സിപിഎമ്മിനേയും സര്‍ക്കാരിനേയും ഒരേപോലെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് സിപിഎം പ്രതിഷേധ മാര്‍ച്ചുകൾ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് തുടങ്ങാൻ മിനിറ്റുകൾ ബാക്കിനിൽക്കേയാണ് കോടിയേരിയുടെ ഭാര്യക്കെതിരെ നിര്‍ണായക വെളിപ്പെടുത്തൽ വരുന്നത്.

സ്വപ്ന ആവശ്യപ്പെട്ട പ്രകാരമാണ് ഐഫോണുകൾ വാങ്ങി നൽകിയതെന്ന് നേരത്തെ സന്തോഷ് ഈപ്പൻ വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ എങ്ങനെ വിനോദിനിക്ക് കിട്ടി എന്നതിലാണ് കസ്റ്റംസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. വിനോദിനിയുടെ പേരിലുള്ള സിമ്മാണ് ഫോണിൽ ഉപയോഗിച്ചതെന്ന് കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്.ഐഎംഇഐ നമ്പര്‍ വച്ചുള്ള പരിശോധനയിൽ ഇതു കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകൾ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥൻ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസര്‍ എന്നിങ്ങനെ പല പ്രമുഖര്‍ക്കും ലഭിച്ചിട്ടുണ്ട്. എന്നാൽ ആറ് ഐഫോണുകളിൽ ഏറ്റവും വില കൂടിയ ഒന്ന് ആരുടെ കൈയിലാണെന്നത് നേരത്തെ വിവാദമുണ്ടായിരുന്നു. ഈ ഫോണ്‍ സന്തോഷ് ഈപ്പൻ എന്തിന് കോടിയേരിയുടെ ഭാര്യയ്ക്ക് നൽകി എന്നതാണ് കാര്യങ്ങൾ മൊത്തത്തിൽ സങ്കീര്‍ണമാക്കുന്നത്.

അതേസമയം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ മാസം 12ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് അയച്ചത്

You might also like

-