കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ചു
നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്ളോട്ടിങ് ജട്ടികളും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്
കൊച്ചി| ഇന്നലെ ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടർ മെട്രോയുടെ പൊതുജനങ്ങള്‍ക്കുള്ള സർവീസ് ഇന്ന് ആരംഭിക്കും. ഹൈക്കോടതി-വൈപ്പിൻ സർവീസാണ് ഇന്ന് തുടങ്ങുക. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽ നിന്നും വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്നും ബോട്ടുകൾ സർവീസ് ആരംഭിക്കും. 20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. തിരക്കുള്ള സമയങ്ങളിൽ ഹൈക്കോടതി-വൈപ്പിൻ റൂട്ടിൽ ഓരോ 15 മിനിറ്റിലും ബോട്ട് സർവീസ് ഉണ്ടാകും. രാത്രി എട്ടുവരെ സർവീസ് തുടരും. വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ നിന്ന് വൈപ്പിൻ ദ്വീപ് നിവാസികൾക്കൊപ്പം ആദ്യ ബോട്ട് സർവീസിൽ എംഡി ലോക്‌നാഥ് ബെഹ്‌റയും ഇന്ന് രാവിലെ ചേരും.
നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്ളോട്ടിങ് ജട്ടികളും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തും. മലിനീകരണം കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വളരെ കുറഞ്ഞ യാത്രാനിരക്കും വാട്ടർമെട്രോയുടെ പ്രത്യേകതയാണ്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് ചാർജ് വരുന്നത്. ഹൈക്കോർട്ട്വൈപ്പിൻ 20 രൂപയും വൈറ്റിലകാക്കനാട് 30 രൂപയുമാണ്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും.