കൊച്ചി | കിറ്റക്സിലെ ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ഉടമക്കെതിരെ കേസെടുക്കണം കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിആർ ബിജു ആവശ്യപ്പെട്ടു .അന്യസംസ്ഥാനകകളിൽ നിന്നും കേരളത്തിലെത്തി മദ്യപിച്ച് ലക്കുകെട്ട് പോലീസിനെ ആക്രമിക്കാൻ ആരാണ് ഇവർക്ക ധൈര്യം നൽകിയത് . പോലീസിനെ മുൻപ് ഫാക്ടറിക്കുള്ളിൽ വച്ച് ഇത്തരത്തിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ട് ഇത്തരം കാര്യങ്ങൾ കുടി അന്വേഷണ പരിധിയിൽ കൊണ്ടുവരണം .മയക്കുമരുന്ന് കഴിച്ചാണ് തൊഴിലാളികൾ പൊലീസിന് നേരെ അക്രമണനടത്തിയെതെന്നാണ് ഉടമപറയുന്നതു താങ്കളുടെ ഫാക്ടറിക്കുള്ളിൽ എങ്ങനെ മയക്കുമരുന്ന് എത്തി എന്നത് സംബന്ധിച്ച് കിറ്റക്സ് ഉടമ മറുപടി പറയണം .അക്രമത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നും ഉടമക്ക് ഒഴിഞ്ഞുപോകാനാകില്ലന്നു ഉടമയ്ക്കെതിരെ ശക്തമായ അന്വേഷണം വേണമെന്നും സിആർ ബിജു ആവശ്യപ്പെട്ടു.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ
ജനറൽ സെക്രട്ടറി സിആർ ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്
കിഴക്കമ്പലം ആക്രമണം
ശക്തമായ നടപടി വേണം
ഇന്നലെ രാത്രി കിഴക്കമ്പലത്ത് പോലീസിന് നേരേ ഉണ്ടായ ആക്രമണത്തെ ശക്തമായി തന്നെ അപലപിക്കുന്നു.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ ചെയ്യാൻ കേരളത്തിൽ എത്തുന്നവരെ അർഹമായ അംഗീകാരം നൽകി അതിഥി തൊഴിലാളികളായി പരിഗണിക്കുന്ന നാടാണ് കേരളം. ഇങ്ങനെ കേരളത്തിൽ എത്തിയവരെ ലോക്ഡൗൺ കാലഘട്ടത്തിൽ മൂന്ന് നേരം ഭക്ഷണം ഉൾപ്പെടെ നൽകി സംരക്ഷണം നൽകിയ നാട് കൂടിയാണ് കേരളം. പല രൂപത്തിൽ കേരളത്തിൽ ഇവർ ജോലി ചെയ്തു വരുന്നു. അതിൽ ചില മുതലാളിമാർ അവരുടെ സ്ഥാപനത്തിലെ ജോലിക്കായി റിക്രൂട്ട് ചെയ്ത് വാസസ്ഥലം അടക്കം അനുവദിച്ച് തൊഴിലെടുപ്പിക്കുന്നുണ്ട്. അത്തരം സ്ഥലങ്ങളിലെ തൊഴിലാളികളുടെ പൂർണ്ണ ഉത്തരവാദിത്വം ആ തൊഴിലുടമകൾക്കാണ്. ഇത്തരത്തിൽ കേരളത്തിൽ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകൾക്ക് അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സ്വന്തം സ്ഥലം നൽകി താമസിപ്പിക്കുന്നവർ എവിടെ നിന്നോ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നു എന്ന് നടത്തിയ പ്രതികരണം തള്ളിക്കളയേണ്ടതാണ്.
സ്വന്തം ലേബർ ക്യാമ്പിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് തമ്മിലടിക്കുന്നതായി നാട്ടുകാർ പോലീസിനെ വിവരം അറിയച്ചതനുസരിച്ചാണ് പോലീസ് സംഘം അവിടെ എത്തിയത്. ഇങ്ങനെ ക്രമസമാധാനം ഉറപ്പാക്കാൻ അവിടെ എത്തിയ പോലീസുദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും രണ്ട് പോലീസ് വാഹനങ്ങൾ പൂർണ്ണമായും തകർക്കുകയും കത്തിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പോലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്. ഈ അനുഭവത്തെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഗൗരവമായി കാണുന്നു. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്.
ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. കേരളത്തിൽ എത്തി വിവിധതരം ജോലികൾ ചെയ്തുവരുന്ന തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ചില കുറ്റകൃത്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ സംഘടിതമായി പോലീസിനെ തന്നെ ആക്രമിക്കുന്ന, പോലീസ് വാഹനങ്ങൾ തകർക്കുന്ന, കത്തിക്കുന്ന അനുഭവം ഇതാദ്യമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തി, സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താൻ എങ്ങനെ ഇവർക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയിൽ വരേണ്ടതാണ്.
CR. ബിജു
ജനറൽ സെക്രട്ടറി
KPOA
Related