ബില്ലുകളില്‍ സമയപരിധി,വിധിമറികടക്കാൻ കേന്ദ്രം ശ്രമിക്കുന്നതായി കേരളം സുപ്രിം കോടതിയിൽ കേരളം

ആർട്ടിക്കിൾ 200 പ്രകാരം ബില്ല് ഗവർണർക്ക് നൽകിയാൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത് എന്നതിന്റെ ഉത്തരമാണ് തമിഴ്നാട് വിധി ന്യായം. എത്രയും വേഗം എന്നതിന് സമയപരിധി ആവശ്യമാണ്

ഡൽഹി |രാഷ്ട്രപതിയുടെ റഫറന്‍സ് കേന്ദ്ര സര്‍ക്കാരിന്‍റേതാണെന്നും സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമമെന്നും മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ സുപ്രിം കോടതിയിൽ പറഞ്ഞു. ആർട്ടിക്കിൾ 200 പ്രകാരം ബില്ല് ഗവർണർക്ക് നൽകിയാൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത് എന്നതിന്റെ ഉത്തരമാണ് തമിഴ്നാട് വിധി ന്യായം. എത്രയും വേഗം എന്നതിന് സമയപരിധി ആവശ്യമാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതല. അതിനെ മറികടന്ന് പോകുക എന്നതല്ലെന്നും കേരളം വാദിച്ചു.അതേസമയം, രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് തമിഴ്നാടിന്റെ വാദം. രണ്ടംഗ ബെഞ്ചിന്റെ വിധിയെ റഫറൻസിലൂടെ പുനഃപരിശോധിക്കാനാകില്ല. അതിന് മറ്റു വഴികളാണ് നിയമത്തിലുള്ളതെന്നും തമിഴ്നാടിന് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അഭിഭാഷകനായ സിംഗ് വി ആണ് തമിഴ്നാടിന് വേണ്ടി വാദിക്കുന്നത്. ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധിയിൽ സുപ്രീം കോടതി ഇതിനോടകം തന്നെ തീരുമാനം എടുത്ത കാര്യങ്ങളിലാണ് വീണ്ടും വാദം കേൾക്കുന്നത്.

റഫറന്‍സ് അയക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുൻപും ഇത്തരത്തിൽ റഫറൻസുകൾ നൽകിയിട്ടുണ്ട്. ബാബറി മസ്ജിദ് റഫറൻസ് ഒഴികെ എല്ലാ റഫറൻസിലും സുപ്രീം കോടതി ഉത്തരവ് പറഞ്ഞിട്ടുമുണ്ടെന്നും വിധിയിൽ പൊരുത്തക്കേട് ഉണ്ടെന്ന് തോന്നിയതിനാലാണ് രാഷ്ട്രപതി റഫറൻസ് നൽകിയതെന്നും സുപ്രീം കോടതിക്ക് മുമ്പാകെ കേന്ദ്രം വാദിച്ചു. കേന്ദ്ര സർക്കാരിനായി എജിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് വാദിക്കുന്നത്. രാഷ്ട്രപതി നൽകിയ റഫറൻസ് നിലനിൽക്കുമോ എന്നുള്ളതിലാണ് ഇപ്പോൾ വാദം നടക്കുന്നത്. ഈ റഫറൻസ് നിലനിൽക്കില്ല എന്ന വാദമാണ് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ ഉന്നയിക്കുന്നത്.

You might also like

-