തുടര്‍ച്ചയായ ജയങ്ങൾക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജംഷ്ഡ്പൂര്‍ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി മുന്നേറിയ ബ്ലാസ്റ്റേഴ്സിന് എന്നാല്‍ ജംഷ്ഡ്പൂരിന് മുന്നില്‍ കാലിടറി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജംഷ്ഡ്പൂര്‍ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. രണ്ട് തവണ ലീഡെടുക്കാനായെങ്കിലും മത്സരഫലം ബ്ലാസ്റ്റേഴ്സിനെതിരാവുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് നായകന്‍ ഓഗ്ബച്ചെയുടെ ഓണ്‍ ഗോളാണ് ബ്ലാസ്റ്റേഴ്സ് തോല്‍വിയ്ക്ക് അടിവരയിട്ടത്.
മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ മെസി ബൗളിയുടെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും 39-ാം മിനിറ്റില്‍ അകോസ്റ്റ ആതിഥേയരെ ഒപ്പമെത്തിച്ചു.
ഇതോടെ ആദ്യ പകുതി സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റെഡ് കാര്‍ഡ് കണ്ടു അബ്ദുള്‍ ഹക്കു പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് പത്തു പേരായി ചുരുങ്ങി.
അതേസമയം 56-ാം മിനിറ്റില്‍ ഓഗ്ബച്ചെയുടെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡെടുത്തു. എന്നാല്‍ 75-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അവസരം മുതലാക്കിയ കാസ്റ്റല്‍ ജംഷ്ഡ്പൂരിനെ വീണ്ടും ഒപ്പമെത്തിച്ചു. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയടുത്താണ് നായകന്‍ ശരിക്കും വില്ലനായത്. ഓഗ്ബച്ചെയുടെ കാലില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ വലയിലേക്ക് കയറിയ ഗോള്‍ ബ്ലാസ്റ്റേഴ്സിന്റെ തോല്‍വിക്ക് കാരണമാവുകയായിരുന്നു.