നടിയെ അക്രമിച്ചകേസ് ,കാവ്യ മാധവനെ വീട്ടില്‍ എത്തി ചോദ്യം ചെയ്യും
വധഗൂഢാലോചന കേസില്‍ പ്രതികളായ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും സഹോദരന്‍ അനൂപിന്റെയും വീട്ടില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചു.
കൊച്ചി | നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യ മാധവനെ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. നിയമോപദേശത്തിന്റെ പശ്ചാത്തലത്തില്‍ ഐജി പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നാണ് വീട്ടിലെത്തി ചോദ്യം ചെയ്യുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് എത്തിയത്
വധഗൂഢാലോചന കേസില്‍ പ്രതികളായ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും സഹോദരന്‍ അനൂപിന്റെയും വീട്ടില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചു. ചോദ്യം ചെയ്യലിനായി നാളെ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരിഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇത് മറികടന്ന് ക്രൈംബ്രാഞ്ച് തീരുമാനപ്രകാരം ഇഷ്ടമുള്ള സ്ഥലത്ത് വച്ച് ചോദ്യം ചെയ്താല്‍ കോടതിയില്‍ തിരിച്ചടി ലഭിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.
അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയിൽ അപേക്ഷ നൽകും. ജാമ്യവ്യവസ്ഥ ദിലീപ് ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും കോടതിയെ അറിയിക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം.ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ വിവരങ്ങൾ കോടതിയെ ധരിപ്പിക്കും. ബന്ധുക്കൾ വഴിയും സിനിമാ താരങ്ങൾ വഴിയും സ്വാധീനം ചൊലുത്തിയതായും അന്വേഷണസംഘം പറയുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് ദിലീപിന് ജാമ്യം നൽകുമ്പോൾ ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം.