കര്‍ണാടകയില്‍ ജനവിധി; 15 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്
6 സീറ്റുകളിലെങ്കിലും വിജയം നേടിയാല്‍ മാത്രമെ യെഡിയൂരപ്പ സര്‍ക്കാരിന് ഭരണം തുടരാനാവൂ.
ബെംഗളൂരു :കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. വൈകിട്ട് ആറുവരെയാണ് പോളിങ്. 13 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ദള്‍ വിമതരാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥികള്‍. 6 സീറ്റുകളിലെങ്കിലും വിജയം നേടിയാല്‍ മാത്രമെ യെഡിയൂരപ്പ സര്‍ക്കാരിന് ഭരണം തുടരാനാവൂ. ഡിസംബര്‍ ഒന്‍പതിനാണ് വോട്ടെണ്ണല്‍.കര്‍ണാടകയില്‍ യെഡിയൂരപ്പ സര്‍ക്കാരിന്‍റെ ഭാവിനിര്‍ണയിക്കുന്ന ജനവിധി ഇന്ന് കുറിക്കപ്പെടും. ഭരണം നിലനിര്‍ത്തണമെങ്കില്‍ കുറഞ്ഞത് 6 സീറ്റുകളിലെങ്കിലും വിജയം നേടിയേ പറ്റൂ. സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒപ്പം നിന്ന വിമതരില്‍ 13 പേരെ സ്ഥാനാര്‍ഥികളാക്കിയുള്ള പോരാട്ടം ബി.ജെ.പിക്ക് പ്രതീക്ഷയും ഒപ്പം ആശങ്കയുമുണര്‍ത്തുന്നുണ്ട്.
മറുവശത്ത് വിമതരെ ജനങ്ങള്‍ തള്ളുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചാല്‍ ജെ.ഡി. എസുമായി വീണ്ടുമൊരു സഖ്യത്തിനുള്ള സാധ്യതകള്‍ തേടുകയാണ് നേതാക്കള്‍. ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ കിങ് മേക്കറാകുമെന്ന് മനസിലാക്കിയ ജെ.ഡി.എസ് ഇരുപക്ഷത്തേയ്ക്കും ചായാന്‍ തയ്യാറാണെന്ന നിലപാടിലാണ്. ഉപതിരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ നേടുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. വിജയിച്ചാല്‍ വിമതരില്‍ പലര്‍ക്കും മന്ത്രി സ്ഥാനവും യെഡിയൂരപ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍ക്കാരിന് നിര്‍ണായകമാകുന്നതിനൊപ്പം വിമതരുടെ രാഷ്ട്രീയഭാവിയിലുമുള്ള ജനവിധിയെഴുത്താണ് ഇന്ന്.