കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യസര്‍ക്കാർ ഭരണ പ്രതിസന്ധിയിൽ 11 എം എൽ എ മാർ രാജിവച്ചു

എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരും രാജിവെച്ചു

0

ബെംഗളൂരു :കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി എം.എല്‍.എമാരുടെ കൂട്ടരാജി. ഇന്ന് എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരും രാജിവെച്ചു. രാജിവെച്ച എം.എല്‍.എമാരെ സംസ്ഥാനത്തിനു പുറത്തേയ്ക്ക് മാറ്റി.എം.എല്‍.എമാര്‍ ആരും രാജിവെക്കില്ലെന്ന് ഡി.കെ ശിവകുമാര്‍
കോണ്‍ഗ്രസിലെ രാമലിംഗറെഡ്ഡി, ബി.സി. പാട്ടില്‍, പ്രതാപ് ഗൗഡ പാട്ടീല്‍, ശിവറാം ഹെബ്ബര്‍, മഹേഷ് കുമത്തലി, രമേശ് ജെര്‍ക്കിഹോളി, എസ്.ടി. സോമശേഖരന്‍, ബൈരതി ഭസവരാവ് എന്നിവരും ജെ.ഡി.എസിലെ എച്ച്. വിശ്വനാഥ്, ഗോപാലയ്യ, നാരായണഗൗഡ എന്നിവരുമാണ് രാജിവെച്ചത്. കോണ്‍ഗ്രസിലെ ആനന്ദ് സിങ് നേരത്തെ രാജി നല്‍കിയിരുന്നു.

കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയാണ് രാജിയിലൂടെ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയത്. രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അത് അംഗീകരിയ്ക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എമാര്‍ പറഞ്ഞു. രാജിവെച്ച എം.എല്‍.എമാര്‍, ഗവര്‍ണര്‍ വാജുഭായ് വാലയെയും കണ്ടു.

തുടര്‍ന്ന് എല്ലാവരും കര്‍ണാടകയ്ക്ക് പുറത്തേയ്ക്ക് പോയി. ചിലര്‍ മുംബൈയിലേയ്ക്കും ചിലര്‍ ഗോവയിലേയ്ക്കും ആണെന്നാണ് സൂചന. പതിനൊന്ന് എംഎല്‍എമാരുടെ രാജിക്കത്ത് ലഭിച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ച ഓഫിസിലെത്തിയ ശേഷം ഇവരെ കാണുമെന്നും സ്പീക്കര്‍ ബി. രമേഷ്‌കുമാര്‍ പറഞ്ഞു. കൂടുതല്‍ എം.എല്‍.എമാരുടെ രാജിയുണ്ടാകുമെന്ന സൂചനയും വിമത എം.എല്‍.എമാര്‍ നല്‍കുന്നുണ്ട്.

ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡ അറിയിച്ചിട്ടുണ്ട്. 105 എം.എല്‍.എമാരുള്ള ബി.ജെ.പിയാണ് നിലവില്‍ കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. പുതിയ സര്‍ക്കാരുണ്ടായാല്‍ യെദ്യൂരപ്പയാകും മുഖ്യമന്ത്രിയെന്നും സദാനന്ദ ഗൌഡ പറഞ്ഞു.224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ 113 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. 116 അംഗങ്ങളാണ് കോണ്‍ഗ്രസിനും ജെ.ഡി.എസിനും ചേര്‍ന്നുള്ളത്.

You might also like

-