വിദേശത്ത് നിന്നെത്തിയ ഗായിക കനിക കപൂറിന് കൊവിഡ് 19 ; യാത്രാ വിവരം മറച്ചുവച്ച് പാർട്ടി നടത്തി

ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് ഇവർ പാർട്ടി നടത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരുക്കിയ പാർട്ടിയിൽ ഭരണകര്‍ത്താക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു

0

ലഖ്നൗ:  സണ്ണി ലിയോണി അഭിനയിച്ച രാഗിണി എംഎംഎസ് 2 എന്ന ചിത്രത്തിലെ ബേബി ഡോൾ ഗാനത്തിലൂടെ പ്രശതയായ ഗായിക കനിക കപൂറിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് തൻ്റെ നാടായ ലഖ്നൗവിൽ തിരികെയെത്തിയ കനിക യാത്രാവിവരം അധികൃതരിൽ നിന്ന് മറച്ച് വച്ചു എന്നാണ് റിപ്പോർട്ടുകൾ. താരത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കനികയെ ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കനികയുടെ ആരോഗ്യനില തൃപ്തികരമാണ്.

ദീർഘനാൾ ലണ്ടനിൽ താമസിച്ഛതിനു ശേഷം തിരികെ വന്ന ഇവർ ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് ഇവർ പാർട്ടി നടത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരുക്കിയ പാർട്ടിയിൽ ഭരണകര്‍ത്താക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇത് കടുത്ത പ്രതിസന്ധിയാണ് ആരോഗ്യ പ്രവർത്തകർക്ക് ഉണ്ടാക്കിയിരിക്കുന്നത്. ലഖ്നൗവിൽ, കനിക താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റിലെ താമസക്കാരുടെ കാര്യത്തിലും കനത്ത ആശങ്കയാണ് നിലനിൽക്കുന്നത്. ഇവരെല്ലാവരും നിരീക്ഷണത്തിലാണ്. കനികയക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വീട്ടുകാരെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കയാണ്. അതേസമയം പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കണ്ടെത്തി നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നത് ഏറെ ശ്രമകരമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

നാലു ദിവസം മുൻപ് മാത്രമാണ് തനിക്ക് പനി വന്നതെന്നാണ് കനികയുടെ വിശദീകരണം. പത്ത് ദിവസങ്ങൾക്ക് മുൻപാണ് ലണ്ടനിൽ നിന്ന് തിരികെ വന്നത്. അപ്പോൾ വിമാനത്താവളത്തില്‍ വെച്ച് പരിശോധന നടത്തിയെന്നും പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. നാലു ദിവസം മുൻപ് പനി വന്ന് പരിശോധിച്ചപ്പോൾ കൊറോണ ആണെന്ന് മനസ്സിലായി. ഇപ്പോൾ താനും കുടുംബവും ക്വാറൻ്റീനിലാണ്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്. താനുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കനിക തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ച പോസ്റ്റിലൂടെ പറഞ്ഞു.

ഈ അവസ്ഥയിൽ എല്ലാവരും സെൽഫ് ഐസൊലേഷനിൽ കഴിയണമെന്നും കനിക കുറിച്ചു. ഈ സമയത്ത് വിവേക ബുദ്ധിയോടെ പെരുമാറണം. ചുറ്റുമുള്ളവരെക്കുറിച്ച് ചിന്തിക്കണം. വിദഗ്ധരുടെ അഭിപ്രായവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശവും അനുസരിച്ചാല്‍ ഭയപ്പെടാതെ ഇതിനെ മറികടക്കാനാവുമെന്നും കനിക കൂട്ടിച്ചേർത്തു.

You might also like

-