പുരാവസ്തു തട്ടിപ്പുകേസിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെ.സുധാകരൻ
"കേസുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല. പരാതിക്കാരുമായി ഒരു ബന്ധവുമില്ല. അവർ പറയുന്ന പാർലമെന്റ് സമിതിയിൽ അംഗമല്ല. ഒരിക്കൽപോലും പ്രതിയാണെന്ന് ആരും പറഞ്ഞിട്ടില്ല. കൂടെ നിന്ന് ഫോട്ടോയെടുത്താൽ കേസിൽ പ്രതിയാകില്ല
കൊച്ചി| മൊണ്സാന്റെ പുരാവസ്തു തട്ടിപ്പുകേസിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ വിശദീകരണം. കേസിൽപെട്ടത് എങ്ങനെയാണെന്നു പഠിക്കുകയാണെന്ന് ആലുവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു.
“കേസുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല. പരാതിക്കാരുമായി ഒരു ബന്ധവുമില്ല. അവർ പറയുന്ന പാർലമെന്റ് സമിതിയിൽ അംഗമല്ല. ഒരിക്കൽപോലും പ്രതിയാണെന്ന് ആരും പറഞ്ഞിട്ടില്ല. കൂടെ നിന്ന് ഫോട്ടോയെടുത്താൽ കേസിൽ പ്രതിയാകില്ല. മോൻസൻ വ്യാജ ഡോക്ടർ ആണെന്ന് അറിയുന്നത് പിന്നീട്. ചോദ്യം ചെയ്യലിന് ഹാജരാമോ എന്നത് സാഹചര്യമനുസരിച്ച് തീരുമാനിക്കും. നേരത്തെ തനിക്കെതിരെ പരാതിയില്ലായിരുന്നു. കേസില്ലാതിരുന്നതുകൊണ്ടാണ് എതിർ പരാതി നൽകാതിരുന്നത്. അന്വേഷണസംഘത്തിനു മുന്നിൽ നാളെ ഹാജരാകില്ല .. സുധാകരൻ പറഞ്ഞു.
‘‘സാവകാശം തന്നില്ലെങ്കിൽ നിയമപരമായി നേരിടും. നിയമനടപടികൾ അഭിഭാഷകരുമായി ആലോചിക്കുകയാണ്. ഞാൻ പാർലമെന്റിലെ ധനകാര്യ സ്ഥിരംസമിതി അംഗമായിരുന്നില്ല. കേസിലെ പരാതിക്കാരെ അറിയില്ല. എന്നെയും സതീശനെയും കേസിൽ കുരുക്കാമെന്ന വ്യാമോഹിക്കുന്ന പിണറായി മൂഡസ്വർഗത്തിലാണ്. മോൻസനെ കാണുമ്പോൾ 3 പേർ അവിടെയുണ്ടായിരുന്നു, ആരെന്നറിയില്ല’’ :–സുധാകരൻ കൂട്ടിച്ചേർത്തു.
നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ക്രൈബ്രാഞ്ച് സുധാകരനു നോട്ടിസ് നൽകിയിരുന്നു. മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേസ്. അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്.മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ തട്ടിപ്പ് കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് രണ്ടാം പ്രതിയാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ പ്രതികരണം