രണ്ടില ചിഹ്നം തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാം വിധി സ്വാഗതം ചെയ്യുന്നു ജോസ് കെ മാണി
ത്യവിരുദ്ധമായ പ്രചാരണത്തിന് എതിരെയുള്ള വിധിയാണിത്. നുണ കൊണ്ട് എത്ര മറയ്ക്കാൻ നോക്കിയാലും സത്യം പുറത്ത് വരും. കെ എം മാണിയുടെ രാഷ്ട്രീയത്തേയും ഭവനത്തേയും അപഹരിക്കാനുള്ള ശ്രമം പിജെ ജോസഫ് നടത്തി.
തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കേരള ഹൈക്കോടതി ശരിവെച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനം.കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കേരള കോൺഗ്രസിന്റെ ഇരു വിഭാഗത്തിനും രണ്ടില ചിഹ്നം അനുവദിക്കാനാവില്ലെന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നിലപാട്. പിജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നവുമാണ് അനുവദിച്ചിരുന്നത്. മാറിയ സാഹചര്യത്തിൽ ജോസ് വിഭാഗം രണ്ടില ചിഹ്നത്തിലും ജോസഫ് വിഭാഗം ചെണ്ട ചിഹ്നത്തിലും ജനവിധി തേടും
അതേസമയം രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. സത്യവിരുദ്ധമായ പ്രചാരണത്തിന് എതിരെയുള്ള വിധിയാണിത്. നുണ കൊണ്ട് എത്ര മറയ്ക്കാൻ നോക്കിയാലും സത്യം പുറത്ത് വരും. കെ എം മാണിയുടെ രാഷ്ട്രീയത്തേയും ഭവനത്തേയും അപഹരിക്കാനുള്ള ശ്രമം പിജെ ജോസഫ് നടത്തി. ഈ വിധി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ വിജയമാണ്. രണ്ടിലയിൽ നിന്ന് കേരളാ കോൺഗ്രസിനെ മാറ്റി നിർത്താൻ കഴിയില്ല. ഇടത് മുന്നണിക്ക് ഈ വിധി കരുത്ത് പകരുമെന്നും ജോസ് കെ മാണി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പി ജെ ജോസഫ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചത്. ചിഹ്നം സംബന്ധിച്ച കാര്യങ്ങൾ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി, പറഞ്ഞു. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷൻ വസ്തുതകളും രേഖകളും പരിശോധിച്ചശേഷമാണ് തീരുമാനമെടുത്തത്. അതിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ഹൈക്കോടതിയും രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത്.