ആമസോണ്‍- 3.1 ബില്യണ്‍ ഡോളര്‍ ഓഹരികള്‍ വിറ്റ് ജെഫ് ബെസോസ്
കഴിഞ്ഞ ഫെബ്രുവരിയിലെ 1.7 ബില്യണ്‍ ഡോളര്‍ ഓഹരി വില്‍പ്പനയ്ക്ക് ശേഷം നടക്കുന്ന വലിയ വില്‍പ്പനയാണ് ഇത്.
സിയാറ്റിൽ( വാഷിംഗ്‌ടൺ):ആമസോണ്‍ ഓഹരികളില്‍ 3.1 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റ് ആമസോൺ സി ഇ ഒ ജെഫ് ബെസോസ്. കഴിഞ്ഞ ദിവസം പുതിയ ഓഹരി വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഫെബ്രുവരിയിലെ 1.7 ബില്യണ്‍ ഡോളര്‍ ഓഹരി വില്‍പ്പനയ്ക്ക് ശേഷം നടക്കുന്ന വലിയ വില്‍പ്പനയാണ് ഇത്. ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഓഹരി വില്‍പ്പനയിലൂടെ നികുതി അടവ് കഴിഞ്ഞ് 2.4 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ബെസോസ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാകാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
നിലവില്‍ ആഗോള റീട്ടെയ്ല്‍ ശൃംഖലയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് ആമസോണ്‍. 188.2 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ജെഫ് ബെസോസിന് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബെസോസിന്റെ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ കമ്പനിയായ ബ്ലൂ ഒര്‍ജിന് ഫണ്ട് സ്വരൂപിക്കാനായി ഓരോ വര്‍ഷവും ഒരു ബില്യണ്‍ ഡോളര്‍ വീതം മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയുള്ളതായി മുമ്പ് 2017 ല്‍ ബെസോസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം ബെസോസിന്റെ ഓഹരി വില്‍പ്പന പലതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു. എന്നിരുന്നാലും ഇപ്പോഴത്തെ ഈ ഓഹരി വില്‍പ്പനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമായി പുറത്തുവിട്ടിട്ടില്ല ഈ ടെക് ഭീമന്‍.
2018 ല്‍ രണ്ട് ബില്യണ്‍ ഡോളര്‍ പ്ലെഡ്ജ് എന്ന പേരില്‍ നിരാലംബരായ ജനങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ ഓഹരി വില്‍പ്പന സംബന്ധിച്ച പുതിയ ആശയവുമായി ജെഫ് ബെസോസ് മുന്നോട്ടു വന്നിരുന്നു. ബെസോസ് ഈ പദ്ധതിയിലൂടെ വീടില്ലാത്തവരെ സഹായിക്കാന്‍ 200 ബില്യണ്‍ ഡോളര്‍ ഡെലവഴിക്കുകയും ചെയ്തിരുന്നു. പിന്നീട് കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കുന്നതിനായുള്ള ഫണ്ട് രൂപീകരണവും ബെസോസ് എര്‍ത്ത് ഫണ്ട് എന്ന പേരില്‍ ആരംഭിച്ചിരുന്നു. 10 ബില്യണ്‍ ഡോളറാണ് ഇതിനായുള്ള ഫണ്ട് എന്നതായിരുന്നു അന്നത്തെ പ്രതിജ്ഞ. അതിന്നും തുടരുന്നുമുണ്ട് ബെസോസ്. നിലവിലെ ഓഹരി വില്‍പ്പനയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.