എന്‍ഡിഎയില്‍ ചേരാന്‍ ജാനു 10 കോടി ചോദിച്ചു; സുരേന്ദ്രൻ 10 ലക്ഷം നൽകി പ്രസീത അഴീക്കോട്,നടപടി സ്വീകരിക്കുമെന്ന് ജാനു
ജാനു ചോദിച്ചത് 10 കോടി രൂപയാണെന്നും പ്രസീത പറയുന്ന പ്രസീതയുടെ ഫോൺ സംഭാഷണം വാട്സാപ്പിലൂടെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പരസ്യമായി ഉന്നയിച്ച് പ്രസീത രംഗത്ത് വന്നത്.
മാനന്തവാടി :സി കെ ജാനുവിനെ എൻഡിഎയിലേക്കെത്തിക്കാൻ പത്തു ലക്ഷം രൂപ കൈമാറിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നേരിട്ടെത്തിയാണ് പണം കൈമാറിയതെന്നും പ്രസീത പറഞ്ഞു. ബിജെപി നേതാക്കൾക്കെതിരെയുള്ള കൊടകര കുഴൽപ്പണ കേസ് അന്വേഷണത്തിനിടെയാണ് പുതിയ ആരോപണങ്ങൾ. സി കെ ജാനു പണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസീത ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറിയിക്കുന്ന ഫോൺ സംഭാഷണമാണ് ആദ്യം പുറത്തു വന്നത്.ശബ്ദം തന്റെതാണെന്ന് സ്ഥിരീകരിച്ച പ്രസീത, സുരേന്ദ്രൻ പത്തു ലക്ഷം രൂപ സി കെ ജാനുവിന് നൽകിയെന്ന് ആരോപിച്ചു. പത്തു കോടി രൂപയാണ് ആവശ്യപ്പെട്ടത്. ജാനു പണം വാങ്ങിയത് വ്യക്തിപരമായ ആവശ്യത്തിനാണ്. തിരുവനന്തപുരത്ത് സി കെ ജാനു താമസിച്ച ഹോട്ടലിൽ സുരേന്ദ്രൻ നേരിട്ടെത്തിയാണ് പണം നൽകിയതെന്നും ഹോട്ടൽ വിവരങ്ങൾ സുരേന്ദ്രന് കൈമാറിയത് താനാണെന്നും പ്രസീത പറഞ്ഞു.
അതേസമയം ഇടതുമുന്നണിയിൽ നിന്ന് എൻഡിഎയിലേക്ക് എത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരിട്ട് പത്ത് ലക്ഷം രൂപ നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സികെ ജാനു. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. രണ്ട് പേരാണ് ഇതിന് പിന്നിൽ. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു പ്രതികരിച്ചു. ജാനു ചോദിച്ചത് 10 കോടി രൂപയാണെന്നും പ്രസീത പറയുന്ന പ്രസീതയുടെ ഫോൺ സംഭാഷണം വാട്സാപ്പിലൂടെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പരസ്യമായി ഉന്നയിച്ച് പ്രസീത രംഗത്ത് വന്നത്. ആരോപണം നിഷേധിച്ച സികെ ജാനു, തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ലെന്നും പ്രതികരിച്ചു.പാർട്ടിയിൽ വിഭാഗീയതയും ചേരിതിരിവും ഇല്ല. രണ്ടുപേർ ആസൂത്രിതമായി പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണ്. പ്രസിദയുടെയും പ്രകാശന്റെയും പേരിൽ നിയമ നടപടി സ്വീകരിക്കുമന്നും സി കെ ജാനു അറിയിച്ചു. കുഴൽപ്പണ കേസിന് പിന്നാലെ സി കെ ജാനുവിന് പണം കൈമാറിയെന്ന ആരോപണം കൂടി പുറത്തുവരുമ്പോൾ ബിജെപി നേതൃത്വം കൂടുതൽ പ്രതിസന്ധിയിലാകും.