കോതമംഗലം മാർത്തോമ ചെറിയപള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ട് കൊടുക്കില്ലെന്ന് യാക്കോബായ സഭ
കോതമംഗലം ചെറിയ പള്ളി യാക്കോബായ സഭ വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും അത് സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണനല്‍കുമെന്നും ഇന്നലെ ചേര്‍ന്ന മതമൈത്രി യോഗം പ്രഖ്യാപിച്ചിരുന്നു
കൊച്ചി :കോതമംഗലം മാർത്തോമ ചെറിയപള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ട് കൊടുക്കില്ലെന്ന് യാക്കോബായ സഭ. വിവിധ സംഘടനകളെ അണിനിരത്തി പള്ളിസംരക്ഷിക്കാന്‍ ഇന്ന് മുതല്‍ പള്ളിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും.മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് കോതമംഗലം ചെറിയ പള്ളിസംരക്ഷിക്കാനുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇന്ന് മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാരസമരത്തില്‍ വിവിധ മതസാംസ്കാരിക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. കോതമംഗലം ചെറിയ പള്ളി യാക്കോബായ സഭ വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും അത് സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണനല്‍കുമെന്നും ഇന്നലെ ചേര്‍ന്ന മതമൈത്രി യോഗം പ്രഖ്യാപിച്ചിരുന്നു. പള്ളി സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ സഭ ഇല്ലാതാകുന്നതിന് തുല്യമാണെന്നും എന്തുവിലകൊടുത്തും പള്ളി സംരക്ഷിക്കാൻ രംഗത്തിറങ്ങുമെന്നും തൃശൂര്‍ ഭദ്രാസനം മെത്രാപൊലീത്ത ഏലിയാസ് മാർ അത്തനാസിയോസ് പറഞ്ഞു.
വ്യാപാരി സംഘടനകളുടെയും ബസ് ഓണേഴ്സ് സംഘടനകളുടെയും സഹകരണത്തോടെ വരും ദിവസം കോതമംഗലത്ത് ഹർത്താൽ സംഘടിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ആൻറണി ജോൺ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ മഞ്ജു സിജു എന്നിവര്‍ക്കൊപ്പം വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നേതാക്കളും പള്ളി സംരക്ഷണവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്തു