“അത് ആഭ്യന്തര വകുപ്പിന് പരിശോധിക്കാം, വ്യക്തികളല്ല പാര്‍ട്ടി’”; സുരേന്ദ്രന് ഒളിയമ്പുമായി ശോഭാ സുരേന്ദ്രന്‍
സുരേന്ദ്രന്‍ ഒളിവിലല്ല കഴിയുന്നത്. നിയമ നടപടികള്‍ക്ക് അദേഹം വിധേയനാകുന്നില്ലെങ്കില്‍ ആഭ്യന്തര വകുപ്പിന് അത് പരിശോധിക്കാമെന്നും ശോഭ പ്രതികരിച്ചു.
പാലക്കാട് :കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഒളിയമ്പുമായി ശോഭ സുരേന്ദ്രൻ കേസുമായി ബന്ധപ്പെട്ട് പറയാനുള്ളതെല്ലാം കെ സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ടെന്നും ഏതെങ്കിലും വ്യക്തികളല്ല പാര്‍ട്ടിയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്‍ ഒളിവിലല്ല കഴിയുന്നത്. നിയമ നടപടികള്‍ക്ക് അദേഹം വിധേയനാകുന്നില്ലെങ്കില്‍ ആഭ്യന്തര വകുപ്പിന് അത് പരിശോധിക്കാമെന്നും ശോഭ പ്രതികരിച്ചു.
ഇതിനിടെ, വിവാദങ്ങളില്‍ നിന്ന് തലയൂരാനാണ് കെ.സുരേന്ദ്രനെതിരായ സിപിഐഎം നീക്കമെന്ന് വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. സിപിഎം പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗൂണ്ടാസംഘങ്ങള്‍ നടത്തുന്ന കൊള്ളയും പിടിച്ചുപറിയും കണ്ടെത്താന്‍ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് പരിഹാസ്യമാണ്. കൊടകര മുതല്‍ കരിപ്പൂര്‍ വരെ കേരളത്തിലെ എല്ലാ അധോലോക ഇടപാടുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാലൂട്ടി വളര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങളാണ് നടത്തുന്നത്. അത് പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണ് സുരേന്ദ്രനെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്. കേന്ദ്ര ഏജന്‍സികളെയല്ല സംസ്ഥാന ഏജന്‍സികളെയാണ് ഭരിക്കുന്നവര്‍ രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുന്നതെന്ന് വ്യക്തമാണെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, കൊടകര കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രന്‍ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരായേക്കില്ലെന്നാണ് സൂചന. ഹാജരാകണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച്ച വന്നിട്ടും മൂത്താപ്ല പള്ളിയില്‍ പോയിട്ടില്ലെന്നും പരിഹസിച്ചു. ‘ഇന്നലെയാണ് നോട്ടീസ് കിട്ടിയത്. തിങ്കളാഴ്ച്ച ഹാജരാകണോ, ചൊവ്വാഴ്ച്ച ഹാജരാകണോ, ബുധനാഴ്ച്ച ഹാജരാകണോയെന്ന തീരുമാനിച്ചിട്ടില്ല. ഞാന്‍ അന്നേ നിങ്ങളുടെ അടുത്ത് പറഞ്ഞിട്ടുണ്ട്. ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച്ച വന്നിട്ടും മൂത്താപ്ല പള്ളിയില്‍ പോയിട്ടില്ല. എന്റെ പേരില്‍ എത്രമാത്രം കേസുകളുണ്ട്. കേസ് വരും, പോകും. ഇതൊക്കെ എപ്പോഴും പ്രതീക്ഷിക്കണം. വീണ്ടും നോട്ടീസ് അയക്കട്ടെ, വേണമെങ്കില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകട്ടെ. അതിനിപ്പോ എന്താണ്. പ്രധാനപ്പെട്ട പല നേതാക്കളും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.