അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ കനത്ത ആക്രമണം അഴിച്ച് വിട്ട് ഇറാൻ
പത്ത് കേന്ദ്രങ്ങളിൽ ഇറാൻ്റെ ആക്രമണം നടന്നെന്ന് ഇസ്രയേലി എമർജൻസി സർവീസ് വ്യക്തമാക്കി. വടക്കാൻ തീരമേഖലയിലെയും ഹൈഫ, കാർമൽ, ടെൽ അവീവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നതെന്നും സ്ഥിരീകരണമുണ്ട്
ടെൽ അവീവ്/ തെഹ്റാൻ| മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ കനത്ത ആക്രമണം അഴിച്ച് വിട്ട് ഇറാൻ. ഇസ്രയേലിന് നേരെ ഇറാൻ 30ഓളം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ ഇസ്രയേലിലെ പ്രധാന നഗരങ്ങളിൽ ഒന്നിലേറെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിലെ പ്രധാന നഗരങ്ങളിലെല്ലാം തുടർച്ചായായി സൈറണുകൾ മുഴങ്ങുന്നുണ്ട്. ഇതിനിടെ ഇറാൻ്റെ മിസൈൽ ആക്രമണം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ ഫോണിലൂടെ ഇസ്രയേലിലെ ആളുകൾക്ക് അപായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് ബങ്കറുകളിൽ തുടരാൻ ഇസ്രയേൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
പത്ത് കേന്ദ്രങ്ങളിൽ ഇറാൻ്റെ ആക്രമണം നടന്നെന്ന് ഇസ്രയേലി എമർജൻസി സർവീസ് വ്യക്തമാക്കി. വടക്കാൻ തീരമേഖലയിലെയും ഹൈഫ, കാർമൽ, ടെൽ അവീവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നതെന്നും സ്ഥിരീകരണമുണ്ട്. 27 മിസൈലുകള്‍ രണ്ട് ഘട്ടങ്ങളിലായി ഇറാന്‍ തൊടുത്തുവിട്ടുവെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. ആദ്യഘട്ടത്തിൽ 22 മിസൈലുകളും രണ്ടാം ഘട്ടത്തിൽ 5 മിസൈലുകളും ഇറാൻ തൊടുത്തു വിട്ടത്. ഇറാൻ്റെ ആക്രമണത്തിൽ 16 പേര്‍ക്ക് പരിക്കേറ്റതായാണ് ഇസ്രയേലിൻ്റെ ആരോഗ്യ വിഭാഗത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളവും ഗവേഷണ കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യം വെച്ചെന്നാണ് ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സ് കോർപ്സിനെ ഉദ്ധരിച്ച് തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഖര-ദ്രാവക ഇന്ധനം ഉപയോഗിച്ചുള്ള മിസൈലുകൾ ഇസ്രയേലിനെതിരെ തൊടുത്തുവെന്നാണ് ഐആർജിസി അവകാശപ്പെടുന്നത്.
അതേസമയം ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള അമേരിക്കന്‍ ആക്രമണത്തിന് ശേഷം റേഡിയേഷന്‍ അളവുകളൊന്നും വര്‍ധിച്ചിട്ടില്ലെന്ന് കുവൈറ്റിലെ നാഷണല്‍ ഗാര്‍ഡ് അറിയിച്ചു. ഇതിനിടെ അമേരിക്ക നടത്തിയ ആക്രമണം അതിക്രമം ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിമർശിച്ചു. ഇറാൻ്റെ പരമാധികാരം സംരക്ഷിക്കാനുള്ള എല്ലാ വഴികളും കരുതിവച്ചിരിക്കുകയാണെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇന്ന് രാവിലെ നടന്ന സംഭവങ്ങൾ അതിരൂക്ഷമാണ്. അവയ്ക്ക് ശാശ്വതമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഈ അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവും കുറ്റകരവുമായ പെരുമാറ്റത്തിൽ ഐക്യരാഷ്ട്ര സഭയിലെ ഓരോ അംഗവും ആശങ്കാകുലരാകണം എന്നായിരുന്നു അരാഗ്ചി തൻ്റെ എക്സ് പോസ്റ്റിൽ കുറിച്ചത്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിലെ അംഗമെന്ന നിലയിൽ യുഎൻ ചാർട്ടറിന്റെ ഗുരുതരമായ ലംഘനമാണ് അമേരിക്ക നടത്തിയതെന്നും അരാഗ്ചി കൂട്ടിച്ചേർത്തിരുന്നു.