ഖമനയിയുടെ താത്ക്കാലിക പിൻ​ഗാമിയെ പ്രഖ്യാപിച്ച് ഇറാൻ. അയത്തൊളള അറാഫിക്കാണ് പരമോന്നത നേതാവിന്‍റെ ഇടക്കാല ചുമതല

ഇറാൻ പ്രസിഡന്‍റിന്‍റെ ആദ്യ പ്രസ്താവനയാണിത്. അമേരിക്കൻ സൈനിക താവളങ്ങള്‍ ആക്രമിച്ചെന്നും ഗള്‍ഫ് രാജ്യങ്ങളിലെ താവളങ്ങള്‍ ആക്രമിച്ചതായും ഇറാൻ പറഞ്ഞു.

ടെഹ്റാൻ|കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ താത്ക്കാലിക പിൻ​ഗാമിയെ പ്രഖ്യാപിച്ച് ഇറാൻ. അയത്തൊളള അറാഫിക്കാണ് പരമോന്നത നേതാവിന്‍റെ ഇടക്കാല ചുമതല നൽകിയിരിക്കുന്നത്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ താത്ക്കാലിക ചുമതല വഹിക്കും. അതേ സമയം പ്രതികാരം അവകാശവും ഉത്തരവാദിത്തവുമാണെന്നും പക വീട്ടുമെന്നും ഇറാൻ പ്രസിഡന്‍റ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ പ്രസിഡന്‍റിന്‍റെ ആദ്യ പ്രസ്താവനയാണിത്. അമേരിക്കൻ സൈനിക താവളങ്ങള്‍ ആക്രമിച്ചെന്നും ഗള്‍ഫ് രാജ്യങ്ങളിലെ താവളങ്ങള്‍ ആക്രമിച്ചതായും ഇറാൻ പറഞ്ഞു.
അതേസമയം ആയുധങ്ങൾക്ക് സമാധാനം കൊണ്ടുവരാനാകില്ലെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മാർപാപ്പ ചർച്ചയ്ക്ക് ആഹ്വാനം ചെയ്തു. ഞായറാഴ്ചയിലെ ധ്യാന പ്രസം​ഗത്തിനിടെയാണ് മാർപാപ്പ ഇപ്രകാരം ആവശ്യപ്പെട്ടത്. മിഡിൽ ഈസ്റ്റിലെയും ഇറാനിലെയും സംഭവങ്ങളിൽ വളരെ ആഴത്തിലുള്ള ആശങ്ക തനിക്കുണ്ടെന്ന് മാർപാപ്പ പറഞ്ഞു. സമാധാനവും സ്ഥിരതയും പരസ്പരമുള്ള ഭീഷണികളിലൂടെയോ ആയുധത്തിലൂടെയോ സ്ഥാപിക്കാൻ കഴിയില്ല. ആയുധങ്ങൾ സർവനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുക. എന്നാൽ സമാധാനം വേണമെന്നുണ്ടെങ്കിൽ വളരെ യുക്തിഭദ്രമായ ഉത്തരവാദിത്വബോധമുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടത്. ഈ ഘട്ടത്തിൽ അത്തരത്തിലുള്ള ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആക്രമണങ്ങൾ അവസാനിപ്പിക്കാൻ രാജ്യങ്ങൾ തയ്യാറാകണം. അല്ലെങ്കിൽ പരിഹരിക്കാൻ കഴിയാത്ത വിധത്തിലേക്ക് കാര്യങ്ങൾ കൈവിട്ട് പോകും എന്ന മുന്നറിയിപ്പ് കൂടി മാർപാപ്പ പ്രസം​ഗത്തിൽ പറഞ്ഞു. ലോക സമാധാനത്തിന് വേണ്ടി താൻ പ്രാ‍ർത്ഥിക്കുന്നുവെന്നും ലിയോ പതിനാലാമൻ പറഞ്ഞു.

You might also like

-