എജീസ് ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച അപമാനിച്ച കേസ്: രണ്ടു പേർ അറസ്റ്റിൽ
വഞ്ചിയൂര്‍ സ്വദേശികളായ രാകേഷ്, പ്രവീണ്‍ എന്നിവരാണ് പിടിയിലായത് .
തിരുവനന്ത പുരം: എജീസ് ഓഫിസിലെ വനിതാ ജീവനക്കാരെയും അവരുടെ ഭർത്താക്കന്മാരേയും നടുറോഡിൽ ആക്രമിച്ചു അപമാനിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. വഞ്ചിയൂര്‍ സ്വദേശികളായ രാകേഷ്, പ്രവീണ്‍ എന്നിവരാണ് പിടിയിലായത് . മൂന്നുദിവസം പിന്നിട്ടിട്ടും പ്രതികളുടെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.
സംസ്ഥാനത്തിന് തന്നെ നാണക്കേടായിരുന്നു തലസ്ഥാന നഗരത്തില്‍ കുടുംബസമേതം നടക്കാനിറങ്ങിയ ഇതര സംസ്ഥാന ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച രാത്രിയില്‍ പെട്ടയ്ക്കടുത്ത അമ്പലത്തുമുക്കില്‍ വച്ചാണ് ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കുടുംബം ആക്രമിക്കപ്പെട്ടത്. രാത്രി എട്ടരയോടെ വീടിന് മുന്നിലെ റോഡിലൂട നടക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ സ്ത്രീകളെ കയറിപിടിക്കുകയായിരുന്നു. ഇത് തടഞ്ഞ പുരുഷന്മാര്ക്ക് നേരെ കത്തിവീശി വെട്ടിപ്പരുക്കേല്‍പ്പിച്ചു.
കയ്യിലും കാലിലും പരുക്കേറ്റ് വീട്ടിലേക്ക് തിരികെ പോയവരെ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടാണ് അക്രമികള്‍ മടങ്ങിയത്. അക്രമത്തിന് തൊട്ടുപിന്നാലെ വഞ്ചിയൂര്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തത് പിറ്റേദിവസം ഉച്ചയ്ക്ക് പേട്ട പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ്.പ്രതികൾ ലഹരിക്ക് അടിമകളെന്നും പോലീസ് പറഞ്ഞു .