സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
ഗുണത്തേക്കാൾ ദോഷം മാത്രം ചെയ്യുന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളതെന്നും കൊവിഡ് പ്രതിരോധത്തിൽ വിള്ളലുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു
കൊച്ചി :സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോൾ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐഎംഎ ആരോപിച്ചു.ഗുണത്തേക്കാൾ ദോഷം മാത്രം ചെയ്യുന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളതെന്നും കൊവിഡ് പ്രതിരോധത്തിൽ വിള്ളലുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു. ആഴ്ചയിൽ എല്ലാ ദിവസവും വ്യാപാരസ്ഥാപനങ്ങൾ തുറക്കണമെന്നാണ് ഐഎംഎ പറയുന്നത്. ബാങ്കുകളും ഓഫീസുകളും തുറക്കണമെന്നും ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുക്കണം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളും ആണ് ഇനി വേണ്ടത്. കൊവിഡ് ഒന്നോ രണ്ടോ വര്‍ഷം കൂടെ തുടര്‍ന്നു പോകും. ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ വേണം. ഐഎംഎ വ്യക്തമാക്കുന്നു.ടെസ്റ്റിംഗിന്റെ കാര്യത്തിലും കാര്യമായ മാറ്റം വേണം. കമ്മ്യൂണിറ്റി ടെസ്റ്റിംഗ് പോസിറ്റീവ് ആയ രോഗികളെ കണ്ടെത്തുന്നതിന് ഉതകുന്ന രീതിയില്‍ അല്ലെന്നും കോണ്‍ടാക്ട് ട്രേസിംഗ് ടെസ്റ്റിംഗ് ആണ് ആവശ്യമായിട്ടുള്ളതെന്നുമാണ് ഐഎംഎ നിർദ്ദേശം.