ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം.

353 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 316 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

0

ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. കെന്നിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ 36 റൺസിനാണ് ഇന്ത്യ ലോക ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചത്. 353 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 316 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 69 റൺസെടുത്ത സ്റ്റീവൻ സ്മിത്താണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കു വേണ്ടി ഭുവനേശ്വരും ബുംറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 2 വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹാലും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.

ഇന്ത്യയുടെ അതേ പാതയാണ് ഓസീസ് ഓപ്പണർമാരും സ്വീകരിച്ചത്. ആദ്യ പവർ പ്ലേ അതിജീവിക്കുക എന്ന ലക്ഷ്യം വിജയകരമായി ഓസ്ട്രേലിയ പൂർത്തിയാക്കിയപ്പോൾ ആദ്യ പവർ പ്ലേയിൽ പിറന്നത് 48 റൺസ്. ഡേവിഡ് വാർണർ പ്രതിരോധത്തിലൂന്നി സ്കോർ ചെയ്തപ്പോൾ ഫിഞ്ച് ആക്രമണത്തിൻ്റെ ചുമതല ഏറ്റെടുത്തു. ജസ്പ്രീത് ബുംറയെയും ഭുവനേശ്വർ കുമാറിനെയും ബുദ്ധിപൂർവ്വം നേരിട്ട ഇരുവരും ഹർദ്ദിക് പാണ്ഡ്യയെ കടന്നാക്രമിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തതിനു ശേഷം 14ആം ഓവറിലാണ് ഇവർ വേർപിരിയുന്നത്. ഇല്ലാത്ത റണ്ണിനോടിയ ഫിഞ്ചിനെ കേദാർ ജാദവ് റണ്ണൗട്ടാക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയ സ്റ്റീവൻ സ്മിത്ത് അനായാസം സ്കോർ ചെയ്തതോടെ വാർണർ തൻ്റെ പ്രതിരോധ ശൈലി തുടർന്നു. ഇതിനിടെ 78 പന്തുകൾ അർദ്ധശതകം കുറിച്ച വാർണർ 25ആം ഓവറിൽ പുറത്തായി. റൺ നിരക്കുയർത്താനുള്ള ശ്രമത്തിനിടെ യുസ്‌വേന്ദ്ര ചഹാലിനെ ഉയർത്തിയടിച്ച വാർണറെ ഭുവനേശ്വർ കുമാർ കൈപ്പിടിയൊതുക്കി. 84 പന്തുകളിൽ 56 റൺസെടുത്ത വാർണർ രണ്ടാം വിക്കറ്റിൽ സ്മിത്തുമായി 72 റൺസ് കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു.

തുടർന്ന് ക്രീസിലൊത്തു ചേർന്ന ഉസ്മാൻ ഖവാജയും സ്റ്റീവൻ സ്മിത്തും ആക്രമണാത്മക ബാറ്റിംഗ് കാഴ്ച വെച്ചതോടെ ഓസീസ് സ്കോർ ഉയർന്നു. ബൗളർമാരെ കടന്നാക്രമിച്ച ഖവാജയായിരുന്നു കൂടുതൽ അപകടകാരി. മൂന്നാം വിക്കറ്റിൽ 69 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ഇരുവരും 37ആം ഓവറിൽ വേർപിരിഞ്ഞു. 39 പന്തുകളിൽ 42 റൺസെടുത്ത ഖവാജയെ ബുംറ ബൗൾഡാക്കുകയായിരുന്നു.

ഖവാജ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ഗ്ലെൻ മാക്സ്‌വൽ ആദ്യ പന്തിൽ തന്നെ ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. വളരെ വേഗത്തിൽ സ്കോർ ചെയ്ത മാക്സ്‌വൽ ഇന്ത്യയെ സമ്മർദത്തിലാക്കി. 39ആം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാർ മൂന്ന് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് പിഴുതതോടെ കളി ഇന്ത്യ വരുതിയിലാക്കി. 70 പന്തുകളിൽ 60 റൺസെടുത്ത സ്മിത്തിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ഭുവി സ്റ്റോയിനിസിൻ്റെ കുറ്റി പിഴുതു.

അവസാന പത്തോവറിൽ 115 റൺസായിരുന്നു ഓസീസിൻ്റെ വിജയ ലക്ഷ്യം. 41ആം ഓവറിൽ യുസ്‌വേന്ദ്ര ചഹാൽ മാക്സ്‌വലിനെ പുറത്താക്കിയതോടെ ഇന്ത്യ വിജയം മണത്തു. 14 പന്തുകളിൽ 28 റൺസെടുത്ത മാക്സ്‌വലിനെ ഉജ്ജ്വലമായ ഒരു ക്യാച്ചിലൂടെ രവീന്ദ്ര ജഡേജ പിടിച്ച് പുറത്താക്കുകയായിരുന്നു. മാക്സ്‌വൽ പുറത്തായതിനു പിന്നാലെ സ്കോരിംഗ് ഉത്തരവാദിത്തം ഏറ്റെടുത്ത അലക്സ് കാരി ചില കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി.

45ആം ഓവറിൽ ഓസീസിന് ഏഴാം വിക്കറ്റ് നഷ്ടമായി. ബുംറയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ നഥാൻ കോൾട്ടർനൈൽ (4) വിരാട് കോഹ്‌ലിയുടെ കൈകളിൽ അവസാനിച്ചു. 47ആം ഓവറിലെ അവസാന പന്തിൽ പാറ്റ് കമ്മിൻസിനെ ധോണിയുടെ കൈകളിലെത്തിച്ച ബുംറ മത്സരത്തിലെ മൂന്നാം വിക്കറ്റ് കുറിച്ചു. ഒരു വശത്ത് തുടർച്ചയായി വിക്കറ്റുകൾ വീഴുമ്പോഴും പോരാട്ടം തുടർന്ന കാരി 25 പന്തുകളിൽ അര സെഞ്ചുറിയിലെത്തി.

അവസാന ഓവറിലെ ആദ്യ പന്തിൽ മിച്ചൽ സ്റ്റാർക്ക് (3) റണ്ണൗട്ടായി. അവസാന പന്തിൽ ജഡേജയ്ക്ക് പിടി കൊടുത്ത് ആദം സാംബ (1)യും മടങ്ങിയതോടെ ഓസീസ് എല്ലാവരും പുറത്ത്. 55 റൺസെടുത്ത അലക്സ് കാരി പുറത്താവാതെ നിന്നു.

നേരത്തെ ശിഖർ ധവാൻ്റെ സെഞ്ചുറിയിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. 117 റൺസുമായി തിളങ്ങിയ ധവാനോടൊപ്പം വിരാട് കോഹ്‌ലി (82), രോഹിത് ശർമ്മ (57), ഹർദ്ദിക് പാണ്ഡ്യ (48) എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി.

You might also like

-