മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കും: മുഖ്യമന്ത്രി *രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക അദാലത്ത്

*ദുരിതാശ്വാസ ക്യാംപുകളില്‍ തിരികെ വീട്ടിലേക്ക് പോകുന്ന കുടുംബങ്ങള്‍ക്ക് 3800 രൂപ വീതം

0

കൽപ്പറ്റ :മഴക്കെടുതിയും അണക്കെട്ടുകള്‍ തുറന്നതും മൂലമുള്ള ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനുള്ള എല്ലാ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം ആലുവ പ്രിയദര്‍ശിനി ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിതര്‍ക്ക് മാനദണ്ഡപ്രകാരമുള്ള പരിഷ്‌കരിച്ച സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ നല്‍കും. മണ്ണിടിഞ്ഞ് വീടു വെക്കാന്‍ കഴിയാത്ത വിധം സ്ഥലം നഷ്ടമായവര്‍ക്ക് സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപയും നല്‍കും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും.

ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് തിരികെ വീടുകളിലേക്ക് പോകുന്ന കുടുംബങ്ങള്‍ക്ക് 3800 രൂപ വീതം നല്‍കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രേഖകള്‍ നഷ്ടമായവര്‍ക്ക് പ്രത്യേക ഫീസ് ഈടാക്കാതെ രേഖകള്‍ അനുവദിക്കും. കൂടുതല്‍ അപേക്ഷ കരുണ്ടെങ്കില്‍ പ്രത്യേക അദാലത്ത് നടത്തും. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ നിന്നു പുസ്തകം ലഭ്യമാക്കും. തകര്‍ന്ന റോഡുകള്‍ പുന:സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. വെള്ളം കയറി ഇറങ്ങിയ സ്ഥലങ്ങളില്‍ പാമ്പിന്റെ ശല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഒരുക്കും. വെള്ളമിറങ്ങിയ ശേഷം രോഗം പടരാനുള്ള സാധ്യതയേറെയാണ്.

ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ഊര്‍ജിത ശുചീകരണം നടപ്പാക്കും. ജില്ലയിലെ പ്രത്യേക പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിഗണിച്ച് പരിഹരിക്കും. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി ശുചിയാക്കും. മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ക്കും കൃഷി നാശത്തിനും ഉള്ള നഷ്ടപരിഹാര തുക സര്‍ക്കാര്‍ കാലോചിതമായി പരിഷ്‌കരിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള സഹായം ലഭ്യമാക്കും. തോട്/ അരുവി എന്നിവയിലൂടെ നീരൊഴുക്ക് സുഗമമാക്കുന്നതിന് ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ശ്രമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് 22 ഡാമുകള്‍ തുറക്കുന്നത്. അപ്രതീക്ഷിതമായി പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ചില സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. ഈ ദുരന്തത്തെ ഒന്നിച്ചു നിന്ന് നേരിടാന്‍ നമുക്കു കഴിഞ്ഞു. ജനപ്രതിനിധികള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സേന വിഭാഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ഏകോപനത്തോടെ ഉന്നര്‍ന്നു പ്രവര്‍ത്തിച്ചു. ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ സംതൃപ്തരാണ്. ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്യാംപുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇത് തുടരാന്‍ കഴിയണം. അയല്‍ സംസ്ഥാനങ്ങള്‍ സഹായം വാഗ്ദാനം ചെയതു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളും സഹായം നല്‍കി. കാലവര്‍ഷക്കെടുതിയുടെ ഭാഗമായുള്ള ദുരന്ത നിവാരണത്തിന് മാതൃകയാകുന്ന കൂട്ടായ്മയാണ് സര്‍ക്കാരും ജില്ല ഭരണകൂടവും നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മേഖലയിലെയും മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് എം എല്‍ എ മാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേട്ട ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഇന്നസെന്റ് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, വി.ഡി. സതീശന്‍, എസ്.ശര്‍മ്മ ,എം. സ്വരാജ്, എല്‍ദോ എബ്രഹാം, ഹൈബി ഈഡന്‍, എല്‍ദോസ് കുന്നപ്പിള്ളി, കെ.ജെ. മാക്‌സി, ആന്റണി ജോണ്‍, റോജി എം. ജോണ്‍, വി.പി. സജീന്ദ്രന്‍, പി.ടി. തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ എം.ജി. രാജമാണിക്യം, ഡി ജി പി ലോക് നാഥ് ബെഹ്‌റ, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, ആലുവ താലൂക്ക് തഹസില്‍ദാര്‍ കെ.ടി. സന്ധ്യാ ദേവി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി.ഷീലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

You might also like

-