കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം. കോന്നി പഞ്ചായത്തോഫിസ് ഉപരോധിച്ച് പ്രതിപക്ഷ അംഗം ങ്ങൾ
മണ്ഡലത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള പഞ്ചായത്തുകളിൽ ഒന്നായിട്ടും നാളിതുവരെ കമ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതിന് പോലും ഭരണ സമതി തയ്യാറായിട്ടില്ല.
കോന്നി:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന കോന്നി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടിനെതിരെ പ്രതിപക്ഷ ജന പ്രതിനിധികളുടെ പ്രതിഷേധം. പഞ്ചായത്തിലെ പ്രതിപക്ഷ ജനപ്രതിനിധികൾ പഞ്ചായത്തോഫീസ് ഉപരോധിച്ചു.സർക്കാർ നിർദ്ദേശത്തെതുടർന്ന് ഡോമിലിസറി കെയർ സെന്റർ ആരംഭിച്ചെങ്കിലും യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെ ഇല്ല.കട്ടിലുകൾക്ക് പകരം ബെഞ്ചുകൾ കൂട്ടികെട്ടിയാണ് കിടക്കകൾ ഒരുക്കിയിരിക്കുന്നത്. ടോയ്ലറ്റ് സൗകര്യവും അപര്യാപ്തമാണ്. ആവശ്യത്തിന് സ്റ്റാഫിനെയും ഇവിടെ നിയോഗിച്ചിട്ടില്ല.
മണ്ഡലത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള പഞ്ചായത്തുകളിൽ ഒന്നായിട്ടും നാളിതുവരെ കമ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതിന് പോലും ഭരണ സമതി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. യാതൊരു നിർദേശങ്ങളും പാലിക്കാതെ ഡി. സി. സി ആരംഭിക്കാൻ അനുവദിക്കില്ല എന്ന നിലപാട് പ്രതിപക്ഷം എടുത്തതോടെ രാവിലെ നിശ്ചയിച്ച ഉദ്ഘാടനം മാറ്റി വയ്ക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. സമരത്തേതുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡിയും, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുളസി മണിയമ്മയും, രാഹുൽ വെട്ടൂരും സ്ഥലത്തെത്തി ഭരണ സമതിയുമായി നടത്തിയ ചർച്ചയിൽ സർക്കാർ നിർദ്ദേശം പാലിച്ചു മാത്രമേ ഡി. സി. സി ആരംഭിക്കുകയുള്ളു എന്നും കമ്യുണിറ്റി കിച്ചൻ നാളെത്തന്നെ തുടങ്ങുമെന്നും ഉറപ്പു ലഭിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളായ കെ.ജി ഉദയ കുമാർ, തുളസി മോഹൻ, ജിഷ ജയകുമാർ, ജോയ്സ് എബ്രഹാം, പുഷ്പ ഉത്തമൻ എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു. സി. പി. എം ഏരിയാ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മറ്റി അംഗങ്ങളായ എം. എസ് ഗോപിനാഥൻ, രാജേഷ് കുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.