ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടുപോയാൽ ജനങ്ങൾക്ക് അവരെ നേരിടേണ്ടിവരും ഡീൻ കുരിയാക്കോസ്
ജില്ലയിൽ നിരവധി ആളുകൾ കടക്കെണി മൂലം ആത്മഹത്യ ചെയ്യുകയും ആയിരക്കണക്കിന് ആളുകൾ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുകയാണെന്നും എം.പി പറഞ്ഞു
തൊടുപുഴ | പ്രളയവും കോവിഡും വരുത്തി വച്ച പ്രതിസന്ധിക്കിടയിലും ജപ്തിയും ബാങ്കുകൾ ജനങ്ങളെ ഭീക്ഷണിപ്പെടുത്തിയാൽ ജനങ്ങള്ക് അവരെ നേരിടേണ്ടി വരുമെന്ന് ഡീൻ കുരിയാക്കോസ് എംപി പറഞ്ഞു .കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇടുക്കി ജില്ലയിലെ ജപ്തി നടപടികൾ നിർത്തി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .കുര്യാക്കോസ് എം.പി. തൊടുപുഴ പി.ഡബ്ലിയു. ഡി. റസ്റ്റ് ഹൗസിൽ വച്ച് നടന്ന ജപ്തി നടപടികൾ നേരിടുന്നവരുടെ പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് സാഹചര്യത്തിൽ 2022 മാർച്ച് 31 വരെ ഗവൺമെൻറ് ജപ്തി നടപടികൾ നിർത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ടെങ്കിലും കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും വിദ്യാർത്ഥികളുടെയും വായ്പാ കുടിശ്ശികകൾക്ക് ജപ്തി നടപടി സ്വീകരിക്കുന്നതിന് കേരള ബാങ്ക് ഉൾപ്പെടെ ഉള്ള സഹകരണ ബാങ്കുകളും മറ്റ് പൊതുമേഖല ഷെഡ്യൂൾഡ് ബാങ്കുകളും തുടർച്ചയായി നോട്ടീസ് നൽകുകയും വീട്ടിലെത്തി തിരിച്ചടവിന് സമ്മർദ്ദം ചെലുത്തുകയാണ്. പല സ്ഥലങ്ങളിലും മുന്നറിയിപ്പില്ലാതെ ജപ്തി നടപടികൾ സ്വീകരിച്ചതായി എം.പി പറഞ്ഞു. ജില്ലയിൽ നിരവധി ആളുകൾ കടക്കെണി മൂലം ആത്മഹത്യ ചെയ്യുകയും ആയിരക്കണക്കിന് ആളുകൾ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുകയാണെന്നും എം.പി പറഞ്ഞു. 100 കണക്കിന് ആളുകളാണ് തങ്ങളുടെ ആവലാതികളുമായി എം.പി.യെ കണ്ടത്. മുഖ്യമന്ത്രി, ധനകാര്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി എന്നിവരെയും വിവിധ ബാങ്കുകളുടെ ഉന്നത അധികാരികളെയും പ്രശ്നത്തിൻറെ ഗൗരവം ബോധ്യപ്പെടുത്തുമെന്നും ജപ്തി നടപടികൾ നിർത്തി വയ്ക്കുകയും പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പാ തിരിച്ചടവിന് ഒരു വർഷത്തെയെങ്കിലും സാവകാശം അനുവദിക്കുകയും ചെയ്യാത്ത പക്ഷം ജനങ്ങളോടൊപ്പം ശക്തമായ സമര പരിപാടികൾ നടത്തുമെന്നും എം.പി. പറഞ്ഞു. കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യത്തിൽ ജനങ്ങൾ ദുരിതത്തിലും കഷ്ടതയിലും കഴിയുമ്പോൾ അവർക്കെതിരെ നിയമ വിരുദ്ധമായും മനുഷിത്വരഹിതമായും ജപ്തി നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങൾ തെരുവിൽ നേരിട്ടാൽ അവരെ കുറ്റപ്പെടുത്താൻ ജനപ്രതിനിധിയെന്ന നിലയിൽ തനിക്ക് കഴിയില്ലെന്നും ജനങ്ങൾക്ക് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണെന്നും എം.പി. കൂട്ടിച്ചേർത്തു.യോഗത്തിൽ എം.പി. അധ്യക്ഷത വഹിച്ചു. പ്രൊഫ: ജോസുകുട്ടി ജെ. ഒഴുകയിൽ വിഷയാവതരണം നടത്തി.