ഹമാസ് ഭീകരരെ പുറത്താക്കിയില്ലെങ്കിൽ വീണ്ടും ഖത്തറിൽ ആക്രമണം നടത്തും ബെഞ്ചമിൻ നെതന്യാഹു.

"'ഖത്തറിനോടും തീവ്രവാദികളെ സംരക്ഷിക്കുന്ന എല്ലാ രാജ്യങ്ങളോടും ഞാൻ പറയുന്നു, ഒന്നുകിൽ നിങ്ങൾ അവരെ പുറത്താക്കുക അല്ലെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കാരണം നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, ഞങ്ങൾ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും',

ടെൽഅവീവ്| ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ഭീകരരെ പുറത്താക്കിയില്ലെങ്കിൽ വീണ്ടും ഖത്തറിൽ ആക്രമണം നടത്തുമെന്നാണ് നെതന്യാഹുവിൻ്റെ ഭീഷണി. “‘ഖത്തറിനോടും തീവ്രവാദികളെ സംരക്ഷിക്കുന്ന എല്ലാ രാജ്യങ്ങളോടും ഞാൻ പറയുന്നു, ഒന്നുകിൽ നിങ്ങൾ അവരെ പുറത്താക്കുക അല്ലെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കാരണം നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, ഞങ്ങൾ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും’,? നെതന്യാഹു പ്രതികരിച്ചു. വെടിനിർത്തൽ ധാരണ സംബന്ധിച്ച ചർച്ചകൾ പുരോ​ഗമിക്കവെ ഹമാസ് പ്രതിനിധികളെ ലക്ഷ്യമിട്ട് ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഉയരുന്ന വ്യാപക പ്രതിഷേധം പരി​ഗണിക്കാതെയാണ് ഭീഷണിയുമായി ഇസ്രയേൽ പ്രധാനമന്ത്രി രം​ഗത്ത് വന്നിരിക്കുന്നത്.

അതേസമയം ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങൾ. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഖത്തറിന് ഉണ്ടെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി.
ആക്രമണം ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മാത്രം തീരുമാനമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അതിനിടെ, ആക്രമണത്തെ ന്യായീകരിക്കുകയാണ് ഇസ്രയേൽ. തിരിച്ചടിക്ക് സജ്ജരെന്ന ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ യുദ്ധ ഭീതിയിലാണ് പശ്ചിമേഷ്യ. സംഘർഷം രൂക്ഷമാകുമോ എന്ന ആശങ്കയാണ് ഇന്ത്യയ്ക്കുള്ളത്.

ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ഖത്തറി സുരക്ഷാ ഉദ്യോ​ഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടതായും ഹമാസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഖാലിദ് അൽ-ഹയ്യയുടെ മകനും അടുത്ത സഹായിയും ഉൾപ്പെടുന്നതായി ഹമാസ് വ്യക്തമാക്കിയിരുന്നു. ആക്രമണം നടക്കുമ്പോൾ ഹമാസിൻ്റെ പ്രധാന നേതാക്കൾ ഇസ്രയേൽ ലക്ഷ്യം വെച്ച കെട്ടിടത്തിൽ ഇല്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അധിനിവേശത്തിന്റെ ക്രിമിനൽ സ്വഭാവവും ഒരു കരാറിലെത്താനുള്ള സാധ്യതകളെ ദുർബലപ്പെടുത്താനുള്ള ഇസ്രയേലിൻ്റെ ആഗ്രഹവും വെളിപ്പെടുത്തുന്നതാണ് ഇസ്രയേലിൻ്റെ ആക്രമണമെന്നും ഹമാസ് കുറ്റപ്പെടുത്തിയിരുന്നു.

You might also like

-