സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി കുഫോസ് വൈസ് ചാന്‍സലര്‍ നിയമനം റദ്ദുചെയ്ത് ഹൈക്കോടതി
ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.വിസി നിയമനങ്ങളിൽ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നുള്ള വിധികൾ.
കൊച്ചി | സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്) വൈസ് ചാന്‍സലര്‍ നിയമനം റദ്ദുചെയ്ത് ഹൈക്കോടതി. കുഫോസ് വി സിയായ ഡോ.കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്നെ വാദം ഹൈക്കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.വിസി നിയമനങ്ങളിൽ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നുള്ള വിധികൾ. സർക്കാറുമായി പോരടിക്കുന്ന ഗവർണറുടെ വാദങ്ങൾക്കാണ് ഹൈക്കോടതി വിധി കൂടുതൽ ബലം പകരുന്നത്. പുറത്താക്കൻ ഗവർണർ നോട്ടീസ് നൽകിയ മറ്റ് വിസിമാരുടെ ഭാവി കൂടുതൽ തുലാസിലായി.
എറണാകുളം സ്വദേശിയായ ഡോ.കെ കെ വിജയന്‍, ഡോ.സദാശിവന്‍ എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കുഫോസ് വി സി നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് റിജി ജോണിന്റെ നിയമനം എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ റിജി ജോണിന്റെ നിയമനവും നിലനില്‍ക്കില്ല എന്നും ഹര്‍ജിക്കാര്‍ കോടതി മുമ്പാകെ വാദിച്ചു.
യുജിസി മാർഗ്ഗ നിർദ്ദേശങ്ങളുണ്ടെങ്കിലും സംസ്ഥാന നിയമങ്ങൾക്കും പ്രാധാന്യമുണ്ട് തുടങ്ങി ഗവർണറുമായുള്ള പോരിൽ സർക്കാർ ഇതുവരെ ഉയർത്തിയ വാദമുഖങ്ങൾക്കുള്ള വൻ തിരിച്ചടിയാണ് കുഫോസ് വിധി. യുജിസി മാനദണ്ഠങ്ങളിൽ വെള്ളം ചേർക്കാനാകില്ലെന്ന ഗവർണറുടെ നിലപാടാണ് ഹൈക്കോടതി ശരിവെക്കുന്നത്. പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിസിമാരുടെ പട്ടികയിൽ കുഫോസ് വിസി റിജി ജോണുമുണ്ടായിരുന്നു. രാജ്ഭവന്റെ ഹിയറിംഗിന് മുമ്പ് തന്നെ കുഫോസ് വിസിയെ ഹൈക്കോടതി പുറത്താക്കി.
കെടിയു കേസിലെ സുപ്രീം കോടതി വിധിക്കൊപ്പം കുഫോസ് വിധിയും ആയുധമാക്കിയാകും മറ്റ് ഒമ്പത് വിസിമാർക്കെതിരായ ഗവർണറുടെ നടപടി. നോട്ടീസ് ലഭിച്ചവരിൽ ഏറെയും ഒറ്റപ്പേരിൽ നിയമിക്കപ്പെട്ടവർ, ഒന്നിലധികം പേര് നൽകിയ സർച്ച് കമ്മിറ്റിയിൽ യുജിസി മാനദണ്ഡത്തിന് വിരുദ്ധമായി അക്കാദമിക് വിദഗ്ധർക്ക് പകരം സർക്കാർ പ്രതിനിധികളുമുണ്ടായിരുന്നു. ഗവേഷണ കാലയളവ് പ്രവർത്തിപരിചയമായി കണക്കാക്കാനാകില്ലെന്ന ഇന്നത്തെ വിധി പ്രിയ വർഗ്ഗീസ് കേസിലും സർക്കാറിന് തിരിച്ചടിയായേക്കാം. ഗവേഷണ കാലയളവ് പ്രവർത്തിപരിചയമായി കണക്കാക്കിയെന്നായിരുന്നു പ്രിയക്കെതിരായ പരാതികളിലൊന്നായി വിലയിരുത്തപ്പെട്ടത്.