സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകൾ ഹൈക്കോടതിയിയെ സമീപിച്ചത്. ശമ്പളം മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഇത് വെട്ടിക്കറയ്ക്കലാണെന്നും ഹർജിക്കാർ ആരോപിച്ചു
കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക ഉത്തരവിലൂടെ ശബളം പിടിച്ചു വെയ്ക്കാനാവില്ലെന്നു വ്യക്തമാക്കി രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും.സർക്കാരിന്റെ വാദങ്ങളിൽ നിന്ന് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെന്ന് മനസിലാക്കുന്നു. എന്നാൽ സാമ്പത്തിക പ്രയാസങ്ങൾക്ക് പറഞ്ഞ് ശമ്പളം തടഞ്ഞുവെയ്ക്കുന്നത് അംഗീകരിക്കാനാകില്ല. ശമ്പളം ജീവനക്കാരന്റെ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകൾ ഹൈക്കോടതിയിയെ സമീപിച്ചത്. ശമ്പളം മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഇത് വെട്ടിക്കറയ്ക്കലാണെന്നും ഹർജിക്കാർ ആരോപിച്ചു.
സർക്കാർ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസം പിടിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സാലറി കട്ടല്ല, താൽക്കാലികമായ മാറ്റിവെക്കലാണ് സർക്കാർ ചെയ്യുന്നതെന്നാണ് അഡ്വക്കറ്റ് ജനറൽ കോടതിയിൽ വാദിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം വേണം. ലോക്ക് ഡൌണിന് ശേഷം സര്‍ക്കാരിന് വരുമാനമില്ല. സൗജന്യ റേഷനും സമൂഹ അടുക്കളയും ക്ഷേമപെൻഷൻ വിതരണവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്തുകഴിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാർ തയ്യാറാണെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയിൽ പറഞ്ഞു. അഡ്വക്കറ്റ് ജനറലിന്റെ വാദവും കോടതി അംഗീകരിച്ചില്ല