തിരുവന്തപുരത്തു കനത്ത ജാഗ്രത; അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുതെന്ന് കളക്ടര്‍
ഇറ്റലി, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികള്‍ക്കും രണ്ടാഴ്ചയായി കേരളത്തിലുള്ള ഇറ്റാലിയന്‍ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് കനത്ത ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നിര്‍ദ്ദേശം .രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .
ആളുകള്‍ കൂടുന്ന ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, ജിംനേഷ്യങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയവയെല്ലാം അടച്ചിടാന്‍ നോട്ടീസ് നല്‍കും. ഇറ്റലി, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികള്‍ക്കും രണ്ടാഴ്ചയായി കേരളത്തിലുള്ള ഇറ്റാലിയന്‍ പൗരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ജാഗ്രത ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.