കോരിച്ചൊരിഞ്ഞ മഴത്തു കനത്തപോളിംഗ് അഞ്ചുമണിവരെ 70.76 ശതമാനം വോട്ട് രേഖപ്പെടുത്തി

2021 ല്‍ ഇത് 75.23 ശതമാനമായിരുന്നു. പോളിംഗ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത. നിലമ്പൂരില്‍ ആര് വാഴും ആര് വീഴും എന്നറിയാന്‍ ഇനി മൂന്ന് നാള്‍ കാത്തിരിക്കണം

നിലമ്പൂര്‍ | ദിവസങ്ങള്‍ നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കൊടുവില്‍ നിലമ്പൂരുകാര്‍ വിധിയെഴുതി. കനത്ത മഴയെ വകവെയ്ക്കാതെ ആളുകള്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തുകളിലേയ്ക്ക് ഒഴുകിയെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വിവരം അനുസരിച്ച് അഞ്ചുമണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2021 ല്‍ ഇത് 75.23 ശതമാനമായിരുന്നു. പോളിംഗ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത. നിലമ്പൂരില്‍ ആര് വാഴും ആര് വീഴും എന്നറിയാന്‍ ഇനി മൂന്ന് നാള്‍ കാത്തിരിക്കണം. ജൂണ്‍ 23നാണ് നിലമ്പൂരില്‍ വോട്ടെണ്ണല്‍ നടക്കുക.
രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ഉണ്ടായിരുന്നു. ആദിവാസി മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മികച്ച പോളിംഗ് രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്കൂളിലും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു. ചുങ്കത്തറ കുറന്പലങ്കോട് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായത് ഒഴിച്ചാൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു

പിണറായി സര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച് പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ വീണ്ടുമൊരു വിധിയെഴുത്തിന് കളമൊരുങ്ങിയത്. യുഡിഎഫായിരുന്നു ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. യുഡിഫില്‍ ഇടംപിടിക്കാതെ വന്നതോടെയായിരുന്നു മത്സര രംഗത്തേയ്‌ക്കെന്ന് വ്യക്തമാക്കി പി വി അന്‍വര്‍ രംഗത്തെത്തിയത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു തീരുമാനമെങ്കിലും നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നിർബന്ധിതനാകുകയായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന ശേഷമായിരുന്നു എം സ്വരാജിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.
ക്രൈസ്തവ വോട്ടുകള്‍ കൂടി ലക്ഷ്യംവെച്ചായിരുന്നു മോഹന്‍ ജോര്‍ജിലേക്ക് എന്‍ഡിഎ എത്തിയത്. മത്സരരംഗത്തേയ്ക്ക് നാല് പേര്‍ വന്നതോടെ ചതുഷ്‌കോണ മത്സരമാണ് നിലമ്പൂരില്‍ പ്രതീക്ഷിച്ചത്. സ്വരാജിനും ഷൗക്കത്തിനും അന്‍വറിനും മോഹന്‍ ജോര്‍ജിനും പുറമേ ആറ് പേരായിരുന്നു നിലമ്പൂരില്‍ മത്സര രംഗത്തുണ്ടായിരുന്നത്. അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ), എന്‍ ജയരാജന്‍ (സ്വതന്ത്ര സ്ഥാനാര്‍ത്ഥി), പി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്ര സ്ഥാനാര്‍ത്ഥി), വിജയന്‍ (സ്വതന്ത്ര സ്ഥാനാര്‍ത്ഥി), സതീഷ് (സ്വതന്ത്ര സ്ഥാനാര്‍ത്ഥി), ഹരിനാരായണന്‍ (സ്വതന്ത്ര സ്ഥാനാര്‍ത്ഥി) എന്നിവരാണ് മറ്റുള്ളവര്‍.

You might also like

-