കെ സുധാകരനെതിരെ മൊഴി കൊടുത്തതിൻ്റെ പേരിൽ വഴിയിൽ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

ഉച്ചക്ക് രണ്ട് മണിയോടെ വീടിന് സമീപം വെച്ച് മുരളി എന്നയാൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ ചേർത്തല പൊലീസ് കേസെടുത്തു.

0

ആലപ്പുഴ| മോൺസൺ കേസിൽ കെ സുധാകരനെതിരെ മൊഴി കൊടുത്തതിൻ്റെ പേരിൽ വഴിയിൽ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ചേർത്തല പള്ളിപ്പുറം സ്വദേശിയും മോൺസന്‍റെ മുൻ ഡ്രൈവറുമായ ജയ്സനാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഉച്ചക്ക് രണ്ട് മണിയോടെ വീടിന് സമീപം വെച്ച് മുരളി എന്നയാൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ ചേർത്തല പൊലീസ് കേസെടുത്തു.

അതിനിടെ, മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്സോ കേസിൽ കെപിസിസി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രം​ഗത്തെത്തി. പീഡനം നടക്കുമ്പോൾ കെ സുധാകരൻ മോൻസൻ്റെ വീട്ടിൽ ഉണ്ടായിരുന്നു എന്ന് അതിജീവിതയുടെ മൊഴിയുണ്ടെന്നാണ് എം വി ഗോവിന്ദൻ്റെ ആരോപണം. ആരോപണം തള്ളിയ കെ സുധാകരൻ ഗോവിന്ദനെതിരെ നിയമനടപടി എടുക്കുമെന്ന് മറുപടി നൽകി.മോൻസൻ മാവുങ്കൽ ഉൾപ്പെട്ട വഞ്ചനാകേസിൽ കെപിസിസി പ്രസിഡന്റിനെ രണ്ടാം പ്രതിയാക്കിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതിപക്ഷം വിമർശിക്കുമ്പോഴാണ് പുതിയ ഗുരുതര ആരോപണം.

ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കുറ്റത്തിന് മോൻസൻ മാവുങ്കലിനെ എറണാകുളം പ്രത്യേക പോക്സോ കോടതി ജീവിതാവസാനം വരെ കഠിന തടവിന് ശിക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. പീഡനം നടക്കുമ്പോൾ കെപിസിസി പ്രസിഡന്റ് മോൻസൺ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്നു എന്ന് അതിജീവിതയുടെ മൊഴിയുണ്ടെന്നാണ് പാര്‍ട്ടി പത്രത്തേയും ക്രൈംബ്രാഞ്ചിനേയും ഉദ്ധരിച്ച് എംവി ഗോവിന്ദൻ പറയുന്നത്. പീഡനവിവരം അറിഞ്ഞിട്ടും ഇടപെടാത്തത് കുറ്റകൃത്യത്തിന് ഒത്താശ ചെയ്യലാണ്. ക്രൈംബ്രാഞ്ച് കെ സുധാകരനെതിരെ പുതിയ കേസെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുമ്പോൾ ആരോപണം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന് കെ സുധാകരൻ പ്രതികരിച്ചു.2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ അറസ്റ്റിലായതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിന്റെ എഫ്ഐആറിലോ അതിജീവിത കോടതിയിൽ നൽകിയ രഹസ്യമൊഴിയിലോ കെ സുധാകരനെതിരെ ഒന്നും പറയുന്നില്ലെന്ന് മോൻസൺ മാവുങ്കലിന്റെ അഭിഭാഷകനും പറയുന്നു.

You might also like

-