ഹത്രാസ് സംഭവം: ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ പ്രതിഷേധിച്ചു
പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗത്തിനിരയാക്കി രക്ഷപെട്ട പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് യുപി ഗവണ്‍മെന്റ് സ്വീകരിച്ചതെന്നും യോഗം കുറ്റപ്പെടുത്തി.
ന്യൂജഴ്‌സി: ഹത്രാസില്‍ മാനഭംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ന്യൂജഴ്‌സിയില്‍ പ്രതിക്ഷേധം. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ ഒക്‌ടോബര്‍ പത്തിനാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സ്വന്തം മാതാപിതാക്കള്‍ക്കുപോലും ഒരുനോക്ക് കാണാന്‍ അവസരം നല്‍കാതെ അര്‍ധരാത്രിയില്‍ തന്നെ ചിതയൊരുക്കി തെളിവുകള്‍ നശിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയ ഉത്തര്‍പ്രദേശ് പോലീസിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളെ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ നിശിചതമായി വിമര്‍ശിച്ചു.
പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗത്തിനിരയാക്കി രക്ഷപെട്ട പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് യുപി ഗവണ്‍മെന്റ് സ്വീകരിച്ചതെന്നും യോഗം കുറ്റപ്പെടുത്തി. ഐഎഎംസി ന്യൂജഴ്‌സി യൂണീറ്റാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഹിന്ദൂസ് ഫോര്‍ ഹ്യൂമന്റൈറ്റ്‌സ്, ഇന്ത്യ സിവില്‍ വാച്ച്, സാധന, സ്റ്റുഡന്റ്‌സ് എഗനിസ്റ്റ് ഹിന്ദുത്വ ഐഡിയോളജി, മുസ്ലീം ഫോര്‍ പ്രോഗ്രസീവ് വാല്യൂസ് എന്നീ സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേമായി ജനങ്ങളെ സേവിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ആദിത്യനാഥെന്ന് ഐഎഎംസി ജനറല്‍ സെക്രട്ടറി ജാവേദ് ഖാന്‍ കുറ്റപ്പെടുത്തി. യുപി ഗവണ്‍മെന്റിനെതിരായും, മുഖ്യമന്ത്രിക്കെതിരായും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചാണ് സമരത്തില്‍ പങ്കുചേര്‍ന്നത്.