തിരുവനതപുരത്ത് 17 കിലോ ഹാഷിഷ് കടത്തു കേസില്‍ മാലിക്കാരന്‍ കൂടി അറസ്റ്റില്‍
അഞ്ചുകോടി രൂപ വിലവരുന്ന 17 കിലോ ഹാഷിഷുമായി കഴിഞ്ഞ മാസം ആദ്യം കണ്ടോന്‍മെന്‍റ് പോലീസ് അറസ്റ്റു ചെയ്തിരുന്നു
തിരുവനന്തപുരം : മാലി ദീപിലേക്ക് 17 കിലോ ഹാഷിഷ് കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെക്കൂടി സിറ്റി പോലീസ് അറസ്റ്റു ചെയ്തു. മാലി സ്വദേശി അംഹര്‍ റഷീദ് (22) നെയാണ് നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്
രാജ്യാന്തര മയക്കു മരുന്ന് സംഘത്തിലെ പ്രധാന കണ്ണികളായ മാലി സ്വദേശികളായ ഐമന്‍ മുഹമ്മദ് (24), ഇബ്രാഹിം ഫൌസന്‍ സാലിഹ് (29) ഷാനിസ് മാഹിര്‍ (27) എന്നിവരെ അഞ്ചുകോടി രൂപ വിലവരുന്ന 17 കിലോ ഹാഷിഷുമായി കഴിഞ്ഞ മാസം ആദ്യം കണ്ടോന്‍മെന്‍റ് പോലീസ് അറസ്റ്റു ചെയ്തിരുന്നു, ഇവര്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുകയാണ്. കമ്മീഷണറുടെ ഉത്തരവ് പ്രകാരം പ്രത്യേക സംഘം രൂപികരിച്ചു നടത്തിയ അന്വേഷണത്തിലാണ് പേട്ടയിലെ ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയി നിന്നു പഠിക്കുന്ന മാലി സ്വദേശി അംഹര്‍ റഷീദ് പിടിയിലായത്. ഇയാളാണ് ആദ്യം പിടിയിലായ പ്രതികള്‍ക്ക് ഹാഷിഷ് കൈമാറിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ആദ്യം പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്തതിന്‍റെയും പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടലിലെ സി.സി.ടി.വി ദ്രിശ്യങ്ങള്‍ പരിശോധിച്ചതിന്‍റെയും, ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ പോലീസ് അംഹര്‍ റഷീദിനെ അറസ്റ്റു ചെയ്തത്. ഇയാള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പാല്‍കുളങ്ങരയിലെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചു വരുകയാണ്. ഈ വീട്ടിലാണ് 17 കിലോ ഹാഷിഷ് ഓയില്‍ സൂക്ഷിച്ചു വച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ സമയം ഇയാള്‍ മാലിയിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു.
രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്‍റെ ഇടനിലക്കാരനായ അംഹര്‍ റഷീദിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ ഉടന്‍ വലയിലാകുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു. നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍, എസ്.ഐ ജി.രാജ്കുമാര്‍, എ.എസ്.ഐ അശോക്‌കുമാര്‍ എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒ മാരായ ബൈജു, ബാബു എന്നിവരും, ഷാഡോ ടീം അംഗങ്ങളും ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു