ഹര്‍ത്താല്‍ പ്രഖ്യാപിച്ച നേതാക്കൾ പോലീസ് നിരീക്ഷണത്തിൽ കടകളടപ്പിച്ചാൽ കടുത്തനടപടി, ബസ്സുകൾ സർവ്വീസ് നടത്തും
ജില്ലകളിലെ സുരക്ഷാ ക്രമീകരങ്ങളുടെ ചുമതല അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്കായിരിക്കും
തിരുവനന്തപുരം :ചില സംഘടനകള്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ്. ഇതിനായി കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അക്രമത്തില്‍ ഏര്‍പ്പെടുകയോ നിര്‍ബന്ധപൂര്‍വ്വം കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവരെ ഉടനടി നീക്കം ചെയ്യും. ജില്ലകളിലെ സുരക്ഷാ ക്രമീകരങ്ങളുടെ ചുമതല അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്കായിരിക്കും. റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നതിന് ഇന്നു വൈകുന്നേരം മുതല്‍ തന്നെ പോലീസ് സംഘത്തെ നിയോഗിക്കും. ആവശ്യമുള്ള സ്ഥലങ്ങളില്‍ പിക്കറ്റും പട്രോള്‍ സംഘവും ഇന്നു വൈകിട്ടു തന്നെ ഏര്‍പ്പെടുത്തും. ഹര്‍ത്താല്‍ ദിവസം ക്രമസമാധാനം ഉറപ്പാക്കുന്നതിന് സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടേയും സേവനം ഉറപ്പാക്കും.
2019 ജനുവരി ഏഴിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴു ദിവസത്തെ നോട്ടീസ് ആവശ്യമാണ്. ഈ നിര്‍ദ്ദേശം പാലിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം നിയമവിധേയമല്ല.ഹര്‍ത്താല്‍ ദിവസം പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പൊതുജനങ്ങളെ അനുവദിക്കില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, കോടതികള്‍, കെ.എസ്.ഇ.ബി , കെ.എസ്.ആര്‍.ടി.സി മുതലായ സ്ഥാപനങ്ങള്‍, പൊതുഗതാഗത വാഹനങ്ങള്‍ എന്നിവയ്ക്ക് പോലീസ് സംരക്ഷണം നല്‍കും. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും സഞ്ചരിക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കും.
പൊതു/സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരവും സര്‍ക്കാര്‍ ഉത്തരവ് പ്രകാരവും സിവില്‍ കേസ് എടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ സാന്നിധ്യം ഉറപ്പാക്കും. പോലീസ് കണ്‍ട്രോള്‍ റൂമുകളോടു ചേര്‍ന്ന് ഫയര്‍ഫോഴ്സ്, സ്ട്രൈക്കിങ് സംഘങ്ങളെ ഒരുക്കി നിര്‍ത്തും.
സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നതല്ല. അനുമതി ഇല്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സമരാനുകൂലികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിനുമായി സംസ്ഥാനത്തെമ്പാടും സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ പഴുതുകളും അടച്ചുള്ള സുരക്ഷാസംവിധാനമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാനുള്ള നിയമപരമായ എല്ലാ മാര്‍ഗ്ഗങ്ങളും പോലീസ് ഉറപ്പാക്കുന്നതാണെന്നും പൊലീസ് വ്യക്തമാക്കി.അതേസമയം നാളെത്തെ ഹർത്താലിനോട് സഹകരിക്കേണ്ടതില്ലന്നു സ്വകാര്യാ ബാസ്സ് ഉടമകളുടെ യോഗം തീരുമാനിച്ചു സർവീസുകൾ മുടക്കില്ലെന്ന് ബസ് ഉടമകൾ. ബസ് സർവീസുകൾ നിർത്തി വെക്കണമെന്ന് ഇതുവരെ ആരും രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.രാധാകൃഷ്ണൻ പറഞ്ഞു.കേരളത്തിൽ നാളെ ഹർത്താലിന്‍റെ പേരിൽ സർവീസുകൾ മുടക്കേണ്ടെന്നാണ് ബസ് ഉടമകളുടെയും ജീവനക്കാരുടെയും സംഘടനകളുടെയും തീരുമാനം. പക്ഷേ, അക്രമസംഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ ബസുകൾക്ക് പൊലീസ് സംരക്ഷണം തരണമെന്ന് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.