വാഹന പരിശോധനയ്ക്ക് ഗ്രേഡ് എസ്ഐമാർക്ക് അനുമതി നിഷേധിച്ചു
ജില്ല പൊലീസ് മേധാവികള്‍ മുഖേന സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി
തിരുവനന്തപുരം|വാഹന പരിശോധനയ്ക്ക് ഗ്രേഡ് എസ്ഐമാർക്ക് അനുമതി നൽകണമെന്ന ആവശ്യം നിഷേധിച്ചു. ഗതാഗത സെക്രട്ടറിയാണ് അനുമതി നിഷേധിച്ചത്. ഗ്രേഡ് എസ്ഐ മാരെ അനുവദിക്കണമെന്ന പൊലീസ് മേധാവിയുടെ ആവശ്യമാണ് ഗതാഗത സെക്രട്ടറി തള്ളിയത്. ഗതാഗത സെക്രട്ടറി അനുമതി നിഷേധിച്ചതിന് പിന്നാലെ വാഹന പരിശോധനയ്ക്ക് ഗ്രേഡ് എസ്ഐമാർ ഇറങ്ങേണ്ടെന്ന് ഡിജിപി ഉത്തരവിറക്കി.
ജില്ല പൊലീസ് മേധാവികള്‍ മുഖേന സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഇതിനിടെ ഗതാഗത സെക്രട്ടറിയുടെ തീരുമാനത്തിൽ പോലീസ് സേനയിൽ അമർഷം പുകയുന്നു. സേനയിലെ അംഗബലം കുറവായതിനാലാണ് നിയമഭേദഗതി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി രേഖാമൂലം ആവശ്യപ്പെട്ടത്. 2019ലെ ഉത്തരവ് പ്രകാരം സബ് ഇൻസ്പെക്ടർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് മാത്രമാണ് പിഴ ഈടാക്കാൻ അനുമതിയുള്ളത്.