പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രേഡ് എഎസ്ഐ ഒളിവിൽ
പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ പൊലീസിലെ ഉന്നതർ ശ്രമിക്കുന്നതായും ആരോപണ ഉയർന്നിട്ടുണ്ട്
കൽപ്പറ്റ | വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിനെ ഇതുവരെ പിടികൂടാനായില്ല. പ്രതി ഒളിവിൽ കഴിയുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.പൊലീസിനാകെ നാണക്കേട് വരുത്തിവെച്ച അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടി.ജി ബാബുവിനെ ഒരു ദിവസം പിന്നിട്ടിട്ടും പിടികൂടാനായില്ല. പ്രതി ഒളിവിൽ പോവാൻ സാധ്യതയുള്ള ഇടങ്ങളിൽ തിരച്ചിൽ നടത്തിയെന്നാണ് ജില്ലാ പൊലീസ് മേധാവി വിശദീകരിക്കുന്നത്. സംഭവത്തിൽ എസ് സി – എസ് ടി കമ്മീഷനും കേസെടുത്തു.
ഇതിനിടെ എഎസ്ഐ ടി ജി ബാബു മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. പോക്സോയ്ക്ക് പുറമെ എസ് ഇ- എസ് ടി അതിക്രമ നിരോധന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ജൂലൈ 26 ന് ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പട്ടികവർഗ വിഭാത്തിൽപ്പട്ട പെൺകുട്ടിയെ എഎസ്ഐ ഉപദ്രവിച്ചെന്നാണ് കേസ്. തെളിവെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ സോബിൻ, സിവിൽ പൊലീസ് ഓഫീസർ പ്രജിഷ എന്നിവർക്കെതിരെയും ഉടൻ വകുപ്പുതല നടപടി ഉണ്ടാകും. വയനാട്ടിലെ ഷെൽട്ടർ ഹോമിൽ പെൺകുട്ടിയ്ക്ക് പ്രത്യേക കൗൺസിലിംഗ് നൽകി. സംഭവത്തിൽ കേസെടുത്ത എസ് ഇ എസ് ടി കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി. മുൻകൂർ ജാമ്യം ലഭിക്കുന്നതിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ചാൽ സമരപരിപാടികളിലേക്ക് കടക്കുമെന്നു ആദിവാസി സംഘടനകൽ അറിയിച്ചു .പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ പൊലീസിലെ ഉന്നതർ ശ്രമിക്കുന്നതായും ആരോപണ ഉയർന്നിട്ടുണ്ട്