10 സാമ്പിള്‍ റിസല്‍ട്ടുകളും നെഗറ്റീവ്:നിരീക്ഷണത്തിന് ജിയോ മാപ്പ് ജി.പി.എസ് സംവിധാനം പത്തനംതിട്ട ജില്ലാ കളക്ടര്‍

ജിയോ മാപ്പ് ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തും. ഈ സംവിധാനം ഉപയോഗിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ഇവരില്‍ ആരെങ്കിലും പൊതുഇടങ്ങളിലേക്ക് ഇറങ്ങുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഈ ട്രാക്കിംഗ് സിസ്റ്റം സഹായിക്കും

0

പത്തനംതിട്ട: ജില്ലയില്‍ ആശുപത്രികളിലെ ഐസലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ റിസല്‍ട്ടുകള്‍ നെഗറ്റീവെന്ന് ജില്ലാ കളക്ടര്‍ പി.ബിനൂഹ് അറിയിച്ചു. ഇതില്‍ അഞ്ചുപേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ ഇനിയുള്ള 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. പരിശോധനാ ഫലം നെഗീറ്റവായ മറ്റ് അഞ്ചുപേരെയും വീടുകളിലേക്ക് മാറ്റും.
ഇനി 14 പേരുടെ സാമ്പിള്‍ റിസല്‍ട്ടുകള്‍ ലഭിക്കാനുണ്ട്. ഇന്ന്(11) പുതിയതായി ആറുപേരെ ആശുപത്രിയില്‍ ഐസലേറ്റ് ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. 25 പേരാണ് നിലവില്‍ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്.

നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍
ജിയോ മാപ്പ് ജി.പി.എസ് സംവിധാനം

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാന്‍ ജി.പി.എസ് സംവിധാനമേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജിയോ മാപ്പ് ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തും. ഈ സംവിധാനം ഉപയോഗിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ഇവരില്‍ ആരെങ്കിലും പൊതുഇടങ്ങളിലേക്ക് ഇറങ്ങുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഈ ട്രാക്കിംഗ് സിസ്റ്റം സഹായിക്കും. കൂടാതെ ഇതുവഴി ഒരു പ്രദേശത്ത് എത്രപേര്‍ രോഗബാധിതരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് കണ്ടത്തിയവരെ ഈ സംവിധാനത്തിലൂടെ നിരീക്ഷക്കാനാകും. ജിയോ മാപ്പിംഗിനായി അടൂര്‍ എഞ്ചിനിയറിംഗ് കോളേജ്, പാറ്റൂര്‍ ശ്രീബുദ്ധാ എഞ്ചിനിയറിംഗ് കോളേജ്, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് ഈ സംവിധാനം ഏകോപിപ്പിക്കുന്നത്.
രണ്ടു ടീമുകളിലായി 60 പേരടങ്ങുന്ന സംഘമാണ് വീടുകളില്‍ കഴിയുന്ന 900 പേരെ നിരീക്ഷിക്കുകയും ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. നിലവില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണു ടീമിനെ സജ്ജീകരിച്ചിരിക്കുന്നത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ വീടുകള്‍ക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണു നിരീക്ഷക സംഘം ചെയ്യുന്നത്. ആരെങ്കിലും പൊതുഇടങ്ങളിലേക്കു പോകുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
പത്തു പേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും. ടീമിലുള്ള കൗണ്‍സിലര്‍മാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടുകയും ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്യും. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ഡോ.ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് വിവര ശേഖരണം നടത്തുന്നത്. ട്രാക്ക് ചെയ്യുന്നതും കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണുള്ളത്.

You might also like

-