കോട്ടയം വാടകവീട്ടിലെ ഗുണ്ടാ ആക്രമണത്തിന് പിന്നിൽ പെൺവാണിഭ സംഘങ്ങളുടെ കുടിപ്പക

സംഭവത്തില്‍ മല്ലപ്പള്ളി സ്വദേശിനി സുലേഖയെയും പുതുപ്പള്ളി സ്വദേശിയായ അജ്മലിനെയും പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ 10 പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം അടക്കം 12 പിടികൂടാനുണ്ട്.

0

കോട്ടയം:കോട്ടയം നഗരമധ്യത്തില്‍ രണ്ട് പേരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നിർണ്ണായക വഴിത്തിരിവ്. വാടകവീട്ടിലെ ഗുണ്ടാ ആക്രമണത്തിന് പിന്നിൽ പെൺവാണിഭ സംഘങ്ങളുടെ കുടിപ്പക മൂലമുള്ള ഏറ്റുമുട്ടലെന്ന് പൊലീസ് . ഡിവൈഎസ്പി എം അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് ഗുണ്ടാ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണം നടന്നത് പെൺ വാണിഭ കേന്ദ്രത്തിലാണെന്ന് ഇന്നലെ തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ആക്രമണത്തിനുപിന്നിൽ ഉള്ള കാരണമെന്തെന്ന് ആദ്യഘട്ടത്തിൽ പോലീസിന് വ്യക്തമായിരുന്നില്ല. ഇക്കാര്യത്തിൽ ആണ് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പോലീസ് നിർണായക കണ്ടെത്തലുകൾ നടത്തിയത്.

സംഭവത്തില്‍ മല്ലപ്പള്ളി സ്വദേശിനി സുലേഖയെയും പുതുപ്പള്ളി സ്വദേശിയായ അജ്മലിനെയും പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ 10 പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘം അടക്കം 12 പിടികൂടാനുണ്ട്. ആദ്യം ഗുണ്ടാ ആക്രമണമെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍ ആക്രമണത്തില്‍ പരിക്കേറ്റ അമീറും സാന്‍ ജോസും രക്ഷപ്പെട്ട ഷിനുവും ജ്യോതിയും പൊലീസുമായി സഹകരിച്ചില്ല. ഇതോടെ ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് പെണ്‍വാണിഭ സംഘങ്ങളുടെ ചുരുളഴിയുന്നത്. തുടർന്നാണ് പൊന്‍കുന്നം സ്വദേശി അജ്മലും മല്ലപ്പള്ളി സ്വദേശി സുലേഖ എന്ന ശ്രുതിയും പിടിയിലായി.

സുലേഖയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന്‍റെ നിഗമനം. അജ്മലാണ് ക്വട്ടേഷന്‍ സംഘത്തെ കൊണ്ടു വന്നത്. മാനസ് എന്ന് പറയുന്ന സുലേഖയുടെ കാമുകനെ പരിക്കേറ്റ അമീറിന്‍റെയും സാന്‍ ജോസിന്‍റെയും നേതൃത്വത്തില്‍ ആക്രമിച്ചിരുന്നു ഇതിന്‍റെ പ്രതികാരമായിട്ടാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. 10 അംഗ ക്വട്ടേഷന്‍ സംഘത്തെ അടക്കം 12 പേരെ ഇനിയും പിടികൂടാനുണ്ട്. ഗാന്ധിനഗർ കേന്ദ്രീകരിച്ച് ഒന്നിച്ച് പെണ്‍വാണിഭം നടത്തിയ ഇവർ ലോക്ഡൌണിന് മുന്‍പാണ് രണ്ട് ഗ്രൂപ്പായി തിരിഞ്ഞത്. പൊന്‍കുന്നം സ്വദേശിനി ജ്യോതിയുടേയും മല്ലപ്പള്ളി സ്വദേശിനി സുലേഖയുടേയും നേതൃത്വത്തിലായിരുന്നു ഇവരുടെ പ്രവർത്തനം. ജ്യോതിയും കൂട്ടരും സാമ്പത്തികമായി കൂടതല്‍ നേട്ടമുണ്ടാക്കിയതോടെയാണ് തർക്കം രൂക്ഷമായത്. തുടർന്ന് അമീറും സാന് ജോസും ഷിനുവും ചേർന്ന് സുലേഖയെയും കാമുകനെയും ആക്രമിച്ചു. ഇതിന്‍റെ പ്രതികാരമായിട്ടാണ് ക്വട്ടേഷന്‍ നല്‍കിയത്

വാടക വീട് കേന്ദ്രികരിച്ചു പെൺവാണിഭത്തെ കൂടാതെ നീല ചിത്ര നിർമ്മാണവും നടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ മൊഴിയെടുത്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. ആക്രമണമുണ്ടായപ്പോൾ രണ്ടു സ്ത്രീകൾ കൂടി സ്ഥലത്തുണ്ടായിരുന്നു എന്നും ഇവർ ഓടി രക്ഷപ്പെട്ടു എന്നും പൊലീസിന് വിവരം ഉണ്ട്. സ്ഥലത്തെത്തിയ ഗുണ്ടകൾ ആരൊക്കെ എന്നത് സംബന്ധിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.

കേസിൽ പ്രതികളായ പലരും പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നും സൂചനയുണ്ട് . സംഭവസ്ഥലത്തുനിന്ന് ഗർഭനിരോധന ഉറകൾ വൻതോതിൽ കണ്ടതോടെയാണ് അനാശാസ്യകേന്ദ്രം ആണെന്ന് സംശയം ഉയർന്നത്. ക്യാമറയുടെ ട്രൈപ്പോഡ് മാത്രം സംഭവസ്ഥലത്തുനിന്ന് കിട്ടിയതോടെ ഹണിട്രാപ്പ് എന്ന സംശയവും ഉയർന്നു. ഇക്കാര്യത്തിലും പോലീസ് അന്വേഷണം നടത്തിവരികയാണ്. ഗുരുതരമായി പരിക്കേറ്റിട്ടും പരാതി ഒന്നുമില്ല എന്ന നിലപാടാണ് വെട്ടു കൊണ്ട ഏറ്റുമാനൂർ സ്വദേശികളായ അമീർഖാനും സാൻജോസഫും പൊലീസിന് നൽകിയ ആദ്യ മൊഴി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നും ഇവർ മൊഴി നൽകിയിരുന്നു.

യുവതിയുടെ ഫോൺ പരിശോധിച്ചതോടെയാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. നിരവധി പെൺകുട്ടികളുടെ ചിത്രം ഈ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. പലരുമായും നടത്തിയ വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി. സംഭവത്തിൽ ഗുണ്ടകളെ കണ്ടെത്താനുള്ള തിരക്കിട്ട ശ്രമത്തിലാണ് പോലീസ് സംഘം.

സീരിയൽ സിനിമാ രംഗത്ത് സഹനടിമാരായി പ്രവർത്തിച്ചവരും സംഘത്തിൽ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. നടത്തിപ്പുകാരിയായ യുവതിക്കും സിനിമാ മേഖലയുമായി ബന്ധമുണ്ട്. ഇവർക്ക് പൊൻകുന്നത്ത് വലിയ രണ്ടുനില വീട് ഉള്ളതായും പൊലീസ് കണ്ടെത്തി. 14 സംഘം തന്നെയാണ് അക്രമം നടത്തിയത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് വിവിധസ്ഥലങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ ഉള്ളതായി ആണ് പോലീസ് എത്തിയിരിക്കുന്ന നിഗമനം. കൂടുതൽ പേരെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.നിലവില്‍ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ പെണ്‍വാണിഭം കണ്ടെത്തിയ സാഹചര്യത്തില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

You might also like

-