ആഡംബര കപ്പലിലെ ലഹരി കേസിൽ മയക്കുമരുന്നു ഇടപാടുകൾ നടന്നത് ഡാർക്ക്‌നെറ്റിൽ നിന്ന് ?

പിടിയിലായവരിൽ നിന്ന് കണ്ടെടുത്ത എംഡിഎംഎ യൂറോപ്പിൽ നിന്നോ യുഎസിൽ നിന്നോ ലഭിച്ചതാണ്. ഇത് ഇവർക്ക് എങ്ങനെ ലഭ്യമായെന്ന ചോദ്യമാണ് ഡാർക്ക്‌നെറ്റിന്റെ സാദ്ധ്യതയിലേക്ക് വഴിതിരിച്ചുവിടാൻ എൻസിബി ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്

0

മുംബൈ | സിനിമാതാരം ഷാരൂഖാന്റെ മകൻ ആര്യൻഖാൻ ഉൾപ്പെട്ട മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി കേസിൽ മയക്കുമരുന്നു ഇടപാടുകൾ നടന്നത് ഇന്റർനെറ്റിലെ അധോലോകം എന്ന് അറിയപ്പെടുന്ന ഡാർക്ക്‌നെറ്റിന്റെ സഹായമുണ്ടായിരുന്നോയെന്ന സംശയം പ്രകടിപ്പിച്ച് എൻസിബി. പ്രത്യേക കോൺഫിഗറേഷനും സോഫ്റ്റ് വെയറും ഉൾപ്പെടെയുളളവയുടെ സഹായത്തോടെയാണ് ഡാർക്ക്‌നെറ്റ് പ്രവർത്തനക്ഷമമാക്കുന്നത്.കേസിൽ അറസ്റ്റിലായവരിൽ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ സ്വഭാവം അനുസരിച്ചാണ് എൻസിബിയുടെ നിഗമനം. ഡാർക്ക്‌നെറ്റിന്റെ സഹായത്തോടെ മാത്രം ലഭ്യമാക്കുന്ന ലഹരിമരുന്നുകളാണ് പിടിച്ചെടുത്തതെന്ന് എൻസിബി ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തി.

പിടിയിലായവരിൽ നിന്ന് കണ്ടെടുത്ത എംഡിഎംഎ യൂറോപ്പിൽ നിന്നോ യുഎസിൽ നിന്നോ ലഭിച്ചതാണ്. ഇത് ഇവർക്ക് എങ്ങനെ ലഭ്യമായെന്ന ചോദ്യമാണ് ഡാർക്ക്‌നെറ്റിന്റെ സാദ്ധ്യതയിലേക്ക് വഴിതിരിച്ചുവിടാൻ എൻസിബി ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.ഇതാദ്യമായിട്ടല്ല ലഹരികടത്തുമായി ബന്ധപ്പെട്ട് ഡാർക്ക് നെറ്റിന്റെ ഉപയോഗത്തെക്കുറിച്ച് എൻസിബി സംശയം പ്രകടിപ്പിക്കുന്നത്. പിടിയിലായവർക്ക് എങ്ങനെയാണ് ലഹരിമരുന്ന് കിട്ടിയതെന്നാണ് എൻസിബി പ്രധാനമായും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുളളവരാണ് കേസിൽ പിടിയിലായത്. ആര്യൻ ഖാനിൽ നിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും ഇയാൾ ഈ ശൃംഖലയുടെ പ്രധാന കണ്ണിയാണെന്നാണ് എൻസിബിയുടെ നിഗമനം. ആര്യന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുളളവ നിർണായക തെളിവുകളാണെന്നും എൻസിബി കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

You might also like

-